ബെംഗളൂരു : ബാഗൽകോട്ടിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകൾ അറ്റ സംഭവത്തിൽ കൊലപാതകശ്രമത്തിനു കേസെടുത്ത പൊലീസ് ക്വാറി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കൊപ്പാൾ കുസ്തഗി സ്വദേശി സിദ്ധപ്പ ശീലാവത് (35) ആണ് പിടിയിലായത്. ഇൽക്കൽ സ്വദേശി രാജേശ്വരിയുടെ (37) വിരലുകളാണ് അറ്റുപോയത്.
ഭർത്താവ് മരിച്ച രാജേശ്വരി ഒരു വർഷം മുൻപാണ് സിദ്ധപ്പയുമായി സൗഹൃദത്തിലായത്. എന്നാൽ അടുത്തയിടെ രാജേശ്വരി സിദ്ധപ്പയുമായി അകന്നു. രാജേശ്വരിയുടെ അയൽവാസിയായ ശശികലയാണ് ഇതിന് പിന്നിലെന്നു കണ്ടെത്തിയതോടെ ഇവരെ കൊലപ്പെടുത്താൻ സിദ്ധപ്പ തീരുമാനിച്ചു. ഹെയർ ഡ്രയറിനുള്ളിൽ ഡിറ്റനേറ്റർ സ്ഥാപിച്ച് ശശികലയുടെ വിലാസത്തിൽ പാഴ്സലായി അയച്ചു.
ശശികല സ്ഥലത്തില്ലാത്തതിനാൽ രാജേശ്വരിയാണ് പാഴ്സൽ ഏറ്റുവാങ്ങിയത്. ശശികലയുടെ നിർദേശ പ്രകാരം രാജേശ്വരി പാഴ്സൽ തുറന്നു ഹെയർ ഡ്രയർ പ്രവർത്തിപ്പിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. പൊലീസ് ശശികലയെ ചോദ്യം ചെയ്തപ്പോഴാണ് ഹെയർ ഡ്രയർ ഓർഡർ ചെയ്തിട്ടില്ലെന്ന് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ പോയ സിദ്ധപ്പയെ പിടികൂടിയത്.