Monday, December 23, 2024
HomeGulfവിമാനത്താവളങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നൂതന പദ്ധതികളുമായി എയർപോർട്ട് സെക്യൂരിറ്റി വകുപ്പ്

വിമാനത്താവളങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നൂതന പദ്ധതികളുമായി എയർപോർട്ട് സെക്യൂരിറ്റി വകുപ്പ്

ദുബായ് : വിമാനത്താവളങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ എയർപോർട്ട് സെക്യൂരിറ്റി വകുപ്പ് നൂതനപദ്ധതികൾ നടപ്പാക്കുന്നു. ഭാവിയിലെ പ്രധാനപദ്ധതികൾ പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പരിശോധിച്ചു. അത്യാധുനിക സംവിധാനങ്ങൾ, നൂതനപദ്ധതികൾ എന്നിവയെല്ലാം അൽ മർറി വിശദമായി അവലോകനംചെയ്തു.

വ്യോമയാനമേഖലയിൽ വളർച്ചകൈവരിക്കുന്നതിന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങളനുസരിച്ചാണ് വകുപ്പ് പ്രവർത്തിക്കുന്നതെന്ന് അൽ മർറി പറഞ്ഞു. പുതിയസാങ്കേതികവിദ്യകൾ ഉന്നതനിലവാരമുള്ള പ്രകടനം കാഴ്ചവെക്കാൻ സഹായിക്കും. യാത്രക്കാർക്ക് മികച്ചസൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിന് മാതൃകാപരമായ പ്രവർത്തനങ്ങളാണ് എയർപോർട്ട് സെക്യൂരിറ്റി വകുപ്പ് നടത്തുന്നത്

കഴിഞ്ഞവർഷം 8.7 കോടി യാത്രക്കാർക്ക് മികച്ചസേവനങ്ങൾ നൽകി. ഏകദേശം 20 ലക്ഷം ടൺ ചരക്കുകളും കൈകാര്യംചെയ്തു. സുരക്ഷിതമായ യാത്രാനുഭവങ്ങൾ ലഭ്യമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവുംമികച്ച വിമാനത്താവളങ്ങളായി ദുബായ് വിമാനത്താവളങ്ങൾ മാറിക്കഴിഞ്ഞു. വർധിച്ചുവരുന്ന യാത്രാ ആവശ്യകതകൾ ഉൾകൊള്ളാനാവശ്യമായ പദ്ധതികളും വികസിപ്പിക്കുന്നുണ്ട്. നിർമിതബുദ്ധി ഉൾപ്പടെയുള്ള സാങ്കേതികവിദ്യകളാണ് വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്നതെന്നും അൽ മർറി വിശദീകരിച്ചു. ടെർമിനൽ രണ്ടിലെ സുരക്ഷാവകുപ്പിലെ ഇന്റേണൽ ഡിവൈസസ് വിഭാഗം, ഫ്ളൈറ്റ് ട്രാൻസ്‌ഫർ സോണുകൾ, ജീവനക്കാരുടെ പ്രവേശനകവാടം എന്നിവയും വിമാനത്താവളത്തിൽ നിശ്ചദാർഢ്യമുള്ളവരുടെ പുതിയ യാത്രാലോഞ്ചും അൽ മർറി സന്ദർശിച്ചു.

കഴിഞ്ഞവർഷത്തെ വകുപ്പിന്റെ സുപ്രധാനനേട്ടങ്ങളും സംരംഭങ്ങളും അദ്ദേഹം വിശദമായി പരിശോധിച്ചു. കഴിഞ്ഞവർഷം ദുബായ് പോലീസിന്റെ എയർവിങ് 1370 രക്ഷാദൗത്യങ്ങൾ നടത്തി. അടിയന്തരസംഭവങ്ങളോട് ശരാശരി 12 മിനിറ്റിനകം പ്രതികരിച്ചിട്ടുമുണ്ട്. പ്രവർത്തനമേഖലകളിൽ മികച്ചനേട്ടങ്ങൾ കൈവരിച്ച ഒട്ടേറെ ഉദ്യോഗസ്ഥരെ അൽ മർറി ആദരിക്കുകയുംചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments