പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു. കസ്റ്റിഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശികളും ഒരാൾ പത്തനാപുരം സ്വദേശിയുമാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. മൂന്ന് സഹപാഠികളിൽ നിന്നും അമ്മുവിന് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. മരണത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും കുടുംബം ആവർത്തിക്കുന്നു. സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികൾ അമ്മു സജീവിനെ മാനസികമായി പീഡിപ്പിച്ചു. രേഖാമൂലം പരാതി നൽകിയിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ കോളേജ് അധികൃതർ ഇടപെട്ടില്ല. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ അമ്മുവിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിലും ചികിത്സ നൽകുന്നതിലും വീഴ്ചയുണ്ടായി എന്നെല്ലാമാണ് കുടുംബം ആവർത്തിക്കുന്നത്.
അമ്മുവിന്‍റെ സഹോദരൻ അഖിലിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആരോപണവിധേയരായ പെൺകുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അമ്മുവിന്‍റെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ക്ലാസിൽ സഹപാഠികൾ തമ്മിലുണ്ടായ ഭിന്നത കാരണമായി. അതിനിടെ, പൊലീസ് കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ചുട്ടിപ്പാറ എസ്എംഇ കോളേജിലേക്ക് കെഎസ്‍യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.