വാഷിങ്ടണ്‍: ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി ന്യൂയോര്‍ക്ക് കോടതി. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നും അത് യുഎസ് ഇൻവെസ്റ്റേഴ്സിൽ നിന്ന് മറച്ചുവച്ചു എന്നുമാണ് കേസ്. അഴിമതി, വഞ്ചന,ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എന്ന കമ്പനി യുഎസ് നിക്ഷേപകരിൽ നിന്ന് 175 മില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ട്.
സൌരോർജ കരാർ നേടുന്നതിനും നിക്ഷേപകരോടും ബാങ്കുകളോടും കള്ളം പറയുന്നതിനും നീതി തടസ്സപ്പെടുത്തുന്നതിനുമായിരുന്നു ആ കൈക്കൂലിയെന്ന് ഡെപ്യൂട്ടി അസിസ്റ്റൻ്റ് അറ്റോർണി ജനറൽ ലിസ മില്ലർ ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനിക്കും വിനീത് ജെയ്‌നുമെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കി. കൂടാതെ തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യു.എസ്. ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്.
ബ്ലൂംബെർഗിൻ്റെ ശതകോടീശ്വരൻമാരുടെ സൂചിക പ്രകാരം 85 ബില്യൺ ഡോളറിലധികം മൂല്യമുള്ള അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയാണ് .
സമാന്തര നടപടിയായി, യുഎസിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ ( എസ് ഇസി) അദാനി , അസുർ പവർ ഗ്ലോബലിൻ്റെ എക്‌സിക്യൂട്ടീവായ സിറിൽ കബനീസ് എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അദാനി ഗ്രീൻ യുഎസ് നിക്ഷേപകരിൽ നിന്ന് 175 മില്യണിലധികം ഡോളർ സമാഹരിച്ചതായി എസ്ഇസി പറഞ്ഞു.
ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ അമേരിക്കയില്‍ വൻ നിക്ഷേപം നടത്തുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലെ ഊർജ സുരക്ഷയിലും അടിസ്ഥാന സൗകര്യ മേഖലയിലും 10 ബില്യണ്‍ ഡോളറിൻ്റെ നിക്ഷേപമാണ് അദാനി പ്രഖ്യാപിച്ചത്. അതിനു തൊട്ടുപിന്നാലെയാണ് ഈ കേസ് വന്നത് എന്നത് ശ്രദ്ധേയമാണ്.
2023 ജനുവരിയിൽ യുഎസിലെ ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച്, അദാനിക്കെതിരെ ഗുരുതരമായ തട്ടിപ്പ് ആരോപണങ്ങൾ ഉന്നയിക്കുകയും അദാനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിയുകയും ചെയ്തിരുന്നു.