റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കും. ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവാണ് വിവരം അറിയിച്ചത്. സന്ദർശനം നടത്തുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീയതി സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ദിമിത്രി പെസ്കോവ് പറഞ്ഞു.
കഴിഞ്ഞ മാസം കസാനിൽ നടന്ന പതിനാറാമത് ഉച്ചകോടിക്കിടെ നരേന്ദ്ര മോദി പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 23–ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ പുടിനെ അന്ന് നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് സമാധാനപൂർണമായ പരിഹാരം വേണമെന്നും ഈ ലക്ഷ്യം കൈവരിക്കാൻ സാധ്യമായ എല്ലാ സഹായവും നൽകുന്നതിന് ഇന്ത്യ തയാറാണെന്നും മോദി ബ്രിക്സ് ഉച്ചകോടിക്കെത്തിയ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് പുടിനുമായി മോദി നിരന്തരം ബന്ധപ്പെടുന്നുണ്ട്.