Monday, December 23, 2024
HomeAmericaഅനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ ‘ദേശീയ അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കുമെന്ന് ട്രംപ്

അനധികൃത കുടിയേറ്റക്കാരെ നാടുകടത്താന്‍ ‘ദേശീയ അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് സൈന്യത്തെ ഉപയോഗിച്ച് രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനും അതിര്‍ത്തി സുരക്ഷയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പദ്ധതിയിടുന്നതായി നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

നിയുക്ത പ്രസിഡന്റ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തയ്യാറാണെന്നും ഒരു കൂട്ട നാടുകടത്തല്‍ പരിപാടിയിലൂടെ അധിനിവേശം ഇല്ലാതാക്കാന്‍ സൈനികരെ ഉപയോഗിക്കുമെന്നുമുള്ള ഒരു ഉപയോക്താവിന്റെ പോസ്റ്റ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് ഷെയര്‍ ചെയ്തു. റീപോസ്റ്റിനൊപ്പം ‘ശരി’ എന്നും ട്രംപ് കുറിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കുടിയേറ്റം ഒരു പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് വന്‍തോതില്‍ കുടിയേറ്റക്കാര്‍ അനധികൃതമായി അതിര്‍ത്തി കടന്നിരുന്നുവെന്നും ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്നും മെക്‌സിക്കോയുമായുള്ള അതിര്‍ത്തി സ്ഥിരപ്പെടുത്തുമെന്നും ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

മുന്‍ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ആക്ടിംഗ് ചീഫ് ടോം ഹോമനെ അതിര്‍ത്തി മന്ത്രിയായി ട്രപ് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇമിഗ്രേഷന്‍ വിഷയത്തില്‍ കടുത്ത നിലപാടുള്ളവരെ ഉള്‍പ്പെടുത്തിയാണ് കാബിനറ്റ് അദ്ദേഹം പ്രഖ്യാപിച്ചത്.

ജൂലൈയില്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ എത്തിയ ഹോമാന്‍, ‘ജോ ബൈഡന്‍ നമ്മുടെ രാജ്യത്ത് പ്രവേശിപ്പിച്ച ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ ഇപ്പോള്‍ തന്നെ ബാഗ് പാക്ക് ചെയ്യാന്‍ തുടങ്ങുക.’ എന്ന് വ്യക്തമാക്കിയിരുന്നു. ട്രംപ് അധികാരത്തിലെത്തിയാല്‍ അനധികൃത കുടിയേറ്റക്കാരെ വന്‍ തോതില്‍ തിരിച്ചയയ്ക്കുമെന്ന് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു.

ഏകദേശം 11 ദശലക്ഷം ആളുകള്‍ യുഎസില്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് അധികൃതര്‍ കണക്കാക്കുന്നു. ട്രംപിന്റെ നാടുകടത്തല്‍ പദ്ധതി ഏകദേശം 20 ദശലക്ഷം കുടുംബങ്ങളെ നേരിട്ട് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments