ഇ പി ജയരാജന്റെ ആത്മകഥ ഡി സി ബുക്‌സിന് പ്രസിദ്ധീകരണത്തിന് നല്‍കില്ല. തന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമിയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇ പി ജയരാജന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ദിവസം തന്നെ വിവാദമുണ്ടാക്കിയതിനാലാണ് ഡിസി ബുക്‌സിനെ ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മകഥാ പ്രകാശനം പാര്‍ട്ടി ചടങ്ങാക്കി വിവാദം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ഇ പി ജയരാജന്‍ കടക്കുകയുമാണ്.
ഒരു മാസം കൊണ്ട് ആത്മകഥ എഴുതി പൂര്‍ത്തിയാക്കുമെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി. തന്റേതെന്ന വിധത്തില്‍ പുറത്തുവന്ന ആത്മകഥാ ഭാഗങ്ങള്‍ താന്‍ ഡിസി ബുക്‌സിനെ ഏല്‍പ്പിച്ചതല്ലെന്നും തന്റെ ആത്മകഥ എഴുതിവരികയാണെന്നുമാണ് വിവാദം കനത്ത വേളയില്‍ അദ്ദേഹം പ്രതികരിച്ചിരുന്നത്. മാതൃഭൂമി ഇതേ പുസ്തകം പ്രസിദ്ധീകരിച്ചാല്‍ പുസ്തകത്തിന്റെ പേരും കവറും മാറുമെന്നും സൂചനയുണ്ട്.
ഇ പി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ പറഞ്ഞതില്‍ അപ്പുറത്ത് തങ്ങള്‍ക്ക് ഒന്നും വിശദീകരിക്കാന്‍ ഇല്ലെന്ന് ഡിസി ബുക്‌സ് സിഇഒ രവി ഡിസി ഇന്ന് വ്യക്തമാക്കിയിരുന്നു. പൊതുരംഗത്തുനില്‍ക്കുന്ന ആളുകളെ മാനിക്കുന്നുവെന്നും രവി ഡിസി പറഞ്ഞു. ഷാര്‍ജാ പുസ്തകോത്സവത്തില്‍ ഡിസിയുടെ സ്റ്റാളിലെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. പുസ്തകം താന്‍ എഴുതി ഡിസി ബുക്‌സിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന ഇ പി ജയരാജന്റെ വാദങ്ങളെ ഡിസി ബുക്‌സ് തള്ളുന്നില്ല. തങ്ങള്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള നിര്‍വാഹകര്‍ മാത്രമാണ്. തങ്ങള്‍ പൊതുപ്രവര്‍ത്തകരല്ല. പൊതുപ്രവര്‍ത്തകരെ ബഹുമാനിക്കുന്നതിനാല്‍ കൂടുതല്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും രവി ഡിസി കൂട്ടിച്ചേര്‍ത്തു.