വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിനുമായി സംസാരിച്ച് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ-യുക്രൈന്‍ യുദ്ധം വ്യാപിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പുതിനോട് ട്രംപ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ വിവിധ രാഷ്ട്രത്തലവന്മാരുമായി ട്രംപ് സംസാരിച്ചിരുന്നു.
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്നത് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടി ഒരുങ്ങുകയാണെന്നുള്‍പ്പടെ വാര്‍ത്തകളും പുറത്തുവന്നിരുന്നു.
യുക്രെയ്‌നിലെ യുദ്ധം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭാവി ചര്‍ച്ചകളില്‍ ട്രംപ് താത്പര്യം പ്രകടിപ്പിച്ചതോടെ യൂറോപ്പില്‍ സമാധാനം ഉറപ്പാക്കുന്നതില്‍ ഊന്നല്‍ നല്‍കുകയാണ് ട്രംപിന്റെ പ്രാഥമിക ലക്ഷ്യമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതനാഹ്യുവും ഉള്‍പ്പടെ 70-ഓളം ലോകനേതാക്കളെ വിജയത്തിനു പിന്നാലെ ട്രംപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു.