ഹവാന : ദക്ഷിണ ക്യൂബയില്‍ രണ്ടു ഭൂചലനങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായി. തെക്കന്‍ ഗ്രാന്‍മ പ്രവിശ്യയിലെ ബാര്‍ട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈല്‍ ദൂരെയാണ് 6.8 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന് ഒരു മണിക്കൂറിനു ശേഷമായിരുന്നു രണ്ടാമത്തേത് ഉണ്ടായത്. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കരീബിയന്‍ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഭൂചലനത്തില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.തകര്‍ന്ന കോണ്‍ക്രീറ്റ് ബ്ലോക്ക് വീടുകളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഭൂമികുലുക്കത്തില്‍ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്ന് വീടുകള്‍ക്കും വൈദ്യുത ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയസ് കനാല്‍ അറിയിച്ചു.
നിലവില്‍ 10 ദശലക്ഷം ആളുകള്‍ക്കാണ് രാജ്യത്ത് വൈദ്യുതിയില്ലാത്തത്.ചുഴലിക്കാറ്റില്‍നിന്ന് കരകയറാന്‍ പാടുപെടുന്ന ക്യൂബയിലാണ് വീണ്ടുമൊരു ദുരന്തം നേരിടുന്നത്. റാഫേല്‍ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് ക്യൂബയുടെ ദേശീയ ഗ്രിഡ് തകര്‍ന്നിരുന്നു.