Thursday, May 29, 2025
HomeEntertainmentകണ്ണപ്പ'യിലെ പ്രഭാസിന്‍റെ ലുക്ക് ചോർത്തിയതാര്? വിവരം നല്‍കിയാല്‍ 5 ലക്ഷം സമ്മാനം

കണ്ണപ്പ’യിലെ പ്രഭാസിന്‍റെ ലുക്ക് ചോർത്തിയതാര്? വിവരം നല്‍കിയാല്‍ 5 ലക്ഷം സമ്മാനം

വിഷ്ണു മഞ്ചു നായകനായി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന കണ്ണപ്പ അണിയറയില്‍ ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും മലയാളികളെ സംബന്ധിച്ചിടത്തോളം ചിത്രത്തിനുണ്ട്. മോഹന്‍ ലാലിനെ കൂടാതെ ചിത്രത്തില്‍ അതിഥിവേഷത്തിലെത്താനിരിക്കുകയാണ് നടന്‍ പ്രഭാസും. എന്നാല്‍ പ്രഭാസിന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നതിനിടെയാണ് ചിത്രത്തിന്‍റെ പ്രഭാസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എക്സില്‍ ചോരുന്നത്. 

പിന്നാലെ പോസ്റ്റര്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ച് ചിത്രത്തിന്‍റെ നിര്‍മാതാക്കളും രംഗത്തെത്തി. ഫോട്ടോ ചോര്‍ത്തിയ ആളെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഹൗസ് അറിയിച്ചിട്ടുണ്ട്. 24 ഫ്രെയിംസ് ഫാക്ടറിയാണ് ചിത്രം നിര്‍മിക്കുന്നത്. തങ്ങളുടെ ഔഗ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് 24 ഫ്രെയിംസ് ഫാക്ടറി ഇത് സംബന്ധിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

‘കഴിഞ്ഞ എട്ട് വർഷമായി ഞങ്ങളുടെ ജീവനും ആത്മാവും കണ്ണപ്പയ്ക്കായി നല്‍കിയിരിക്കുകയാണ്. രണ്ടു വർഷമായി സിനിമയ്ക്കായി അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. സമാനതകളില്ലാത്ത ഒരു സിനിമയാണ് നിങ്ങളുടെ മുന്നിലേക്കെത്തിക്കുവാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. നിര്‍മാണം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഒരു ഫോട്ടോ ഞങ്ങളറിയാതെ ചോര്‍ന്നു, അതില്‍ അതിയായ ദുഖമുണ്ട്. 

2000 വിഎഫ്എക്‌സ് ആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ആളുകളുടെ കഠിന പ്രയത്നത്തിന് തുരങ്കം വയ്ക്കുന്നതാണ് ഈ പ്രവൃത്തി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദയവായി ഈ ഫോട്ടോയോ വീഡിയോ പങ്കുവയ്ക്കരുത്. അങ്ങിനെ ചെയ്യുന്നവര്‍ നിയമ നടപടി നേരിടേണ്ടിവരും. കൂടാതെ ഈ ഫോട്ടോ ചോര്‍ത്തുന്നവരെ കണ്ടെത്തുന്നവര്‍ക്ക് ഞങ്ങള്‍ അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കും. 

ഇതുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നവര്‍ക്ക് 24 ഫ്രെയിംസ് ഫാക്ടറിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടുവഴി ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. ഞങ്ങളുടെ ആത്മസമര്‍പ്പണമാണ് ഈ പ്രൊജക്ട്. ഹൃദയത്തില്‍ നിന്നും നിങ്ങള്‍ കണ്ണപ്പെയെ പിന്തുണയ്ക്കുമെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും കരുതുന്നു.’

കടുത്ത ശിവഭക്തനായ കണ്ണപ്പയുടെ കഥപറയുന്ന ഫാന്‍റസി ചിത്രമാണ് ‘കണ്ണപ്പ’. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിഷ്ണു മഞ്ചുവാണ്. ശിവനായി അക്ഷയ് കുമാറുമെത്തുന്നു. കൂടാതെ മോഹൻലാലും കാജൽ അഗർവാളും പ്രഭാസും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. മോഹൻ ബാബു, ആർ ശരത്കുമാർ, അർപിത് രങ്ക, കൗശൽ മന്ദ, രാഹുൽ മാധവ്, ദേവരാജ്, മുകേഷ് ഋഷി, ബ്രഹ്മാനന്ദം, രഘു ബാബു, പ്രീതി മുഖുന്ദൻ, മധു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിൻ്റെ ടീസർ പുറത്തിറക്കിയിരുന്നു. 100 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയുടെ ക്യാമറ. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments