Monday, December 23, 2024
HomeAmericaകനേഡിയൻ മണ്ണില്‍ ഖാലിസ്ഥാനികള്‍ ഉണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ

കനേഡിയൻ മണ്ണില്‍ ഖാലിസ്ഥാനികള്‍ ഉണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ: കനേഡിയൻ മണ്ണില്‍ ഖാലിസ്ഥാനികള്‍ ഉണ്ടെന്നും അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്നും തുറന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഒളിയമ്പ് എയ്തുകൊണ്ടായിരുന്നു ട്രൂഡോയുടെ വെളിപ്പെടുത്തല്‍. ഖാലിസ്ഥാന്‍ മൂവ്‌മെന്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സിഖുകര്‍ കനേഡിയന്‍ മണ്ണില്‍ സഹവസിക്കുന്നുണ്ടെന്നും എന്നാല്‍ കാനഡയിലുള്ള എല്ലാ സിഖുകാര്‍ എല്ലാവരും ഖാലിസ്ഥാനികള്‍ അല്ലെന്നും ട്രൂഡോ വ്യക്തമാക്കി.

”ഖാലിസ്ഥാന്‍ എന്ന പ്രത്യേക രാജ്യത്തിനായി വാദിക്കുന്ന ഒട്ടനേകം പേര്‍ കാനഡയില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ കാനഡയില്‍ കുടിയേറി പാര്‍ത്തുവരുന്ന സിഖ് സമൂഹം മുഴുവന്‍ ഈ വിഭാഗത്തില്‍ പെടുന്നില്ല. ഏതാനും ചിലര്‍ വേറിട്ട് ചിന്തിക്കുന്നതിന് ഒരു വിഭാഗത്തെ മുഴുവനായി കുറ്റപ്പെടുത്താനാകില്ല. കാനഡയില്‍ താമസിക്കുന്ന ഹൈന്ദവരില്‍ ചിലര്‍ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവരാണ്. എന്നു കരുതി ഹിന്ദു സമൂഹം മുഴുവന്‍ മോദി അനുകൂലികള്‍ അല്ല. അതുപോലെയാണ് സിഖുകാരും”- ട്രൂഡോ പറഞ്ഞു.

തലസ്ഥാനമായ ഒട്ടാവോയില്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ ഇന്ത്യന്‍ വംശജര്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ട്രൂഡോ. ഖാലിസ്ഥാന്‍ വാദികള്‍ക്ക് കാനഡ സുരക്ഷിതമായ താവളമൊരുക്കുന്നുവെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കും തീവ്രവാദ പ്രവര്‍ത്തകര്‍ക്കും കാനഡ വെള്ളവും വളവുമിട്ടു നല്‍കുകയാണെന്നുമുള്ള ഇന്ത്യയുടെ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് ട്രൂഡോയുടെ തുറന്നുപറച്ചില്‍ എന്നതും ശ്രദ്ധേയമാണ്.

വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ട്രൂഡോയുടെ പരാമര്‍ശം കൂടുതല്‍ ശിഥിലമാക്കിയേക്കുമെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഖാലിസ്ഥാന്‍ ഭീകരനായിരുന്ന ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മില്‍ ഇടഞ്ഞത്. നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യയുടെ കരങ്ങളുണ്ടെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ട്രൂഡോ പരസ്യമായി കുറ്റപ്പെടുത്തിയതോടെയാണ് പ്രശന്ങ്ങള്‍ ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments