Monday, December 23, 2024
HomeAmericaഒടുവില്‍ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ഖത്തര്‍, ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടു

ഒടുവില്‍ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ഖത്തര്‍, ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടു

വാഷിംഗ്ടണ്‍: ഒടുവില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നയം മാറ്റാന്‍ തീരുമാനിച്ച് ഖത്തര്‍. അമേരിക്കയുടെ ആവശ്യപ്രകാരം ഖത്തറിലുള്ള ഹമാസ് നേതാക്കളോട്് രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഏകദേശം 10 ദിവസം മുന്‍പാണ് അഭ്യര്‍ഥന നടത്തിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്ന് യുഎസ് ഖത്തറിനെ അറിയിച്ചിരുന്നു.

ഒരുവര്‍ഷമായി ഗാസയില്‍ തുടരുന്ന ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ സമാധാനം പുലരാന്‍ ഈജിപ്തിനും യുഎസിനുമൊപ്പം, ചര്‍ച്ചകളില്‍ ഖത്തറും പങ്കാളിയായിരുന്നു. ഒക്ടോബര്‍ മധ്യത്തില്‍ നടന്ന ഏറ്റവും പുതിയ ചര്‍ച്ചകളില്‍ ഹമാസ് ഹ്രസ്വകാല വെടിനിര്‍ത്തല്‍ പദ്ധതി നിരസിച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കാനുള്ള ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നിരസിച്ച ഹമാസ് നേതാക്കളെ ഒരു അമേരിക്കന്‍ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്നാണ് നിലപാടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പുതിയ ബന്ദി മോചന നിര്‍ദ്ദേശം ആഴ്ചകള്‍ക്ക് മുന്‍പ് ഹമാസ് നിരസിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ ഖത്തറിനോട് നിലപാട് അറിയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹമാസിനോടുള്ള ആതിഥ്യം അവസാനിപ്പിക്കാന്‍ ഖത്തറിനോട് പറയണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കന്‍ യുഎസ് സെനറ്റര്‍മാര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് കത്ത് നല്‍കിയിരുന്നു.

അതേസമയം, തങ്ങളെ ഇനി രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നില്ലെന്ന് ഹമാസ് നേതാക്കളോട് ഖത്തര്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ മൂന്ന് ഹമാസ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് തയ്യാറായിട്ടില്ല. ഹമാസ് നേതാക്കള്‍ക്ക് രാജ്യം വിടാന്‍ നിശ്ചിത സമയപരിധി ഖത്തര്‍ നല്‍കിയിട്ടുണ്ടോയെന്നതും വ്യക്തമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments