ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ ബുധനാഴ്ച ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച വിവരം മോദി എക്‌സിലൂടെ അറിയിച്ചിരുന്നു. മോദിയുമായുള്ള ഈ സംഭാഷണത്തിലാണ് ട്രംപ്, ഇന്ത്യയെയും മോദിയേയും കുറിച്ച് പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പറയുന്നു.
ഇന്ത്യ ഒരു ഗംഭീര രാജ്യമാണെന്നും നരേന്ദ്രമോദി ഒരു ഗംഭീര മനുഷ്യനാണെന്നും ട്രംപ് സംഭാഷണത്തിൽ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചശേഷം തന്നെ ആദ്യം വിളിച്ച ലോകനേതാക്കളില്‍ ഒരാള്‍ നരേന്ദ്രമോദിയാണെന്നും ലോകമൊട്ടാകെ മോദിയെ ഇഷ്ടപ്പെടുന്നെന്നും ട്രംപ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം സ്വന്തമാക്കിയ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മോദി ട്രംപിന് ആശംസകള്‍ നേര്‍ന്നത്. ട്രംപിനൊപ്പമുള്ള ഏതാനും ചിത്രങ്ങളും അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.
‘ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം’, പ്രധാനമന്ത്രി കുറിച്ചു.