ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്.ഡോണൾഡ് ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് കമല അഭിനന്ദനം അറിയിച്ചു. ട്രംപ് എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റായിരിക്കട്ടെയെന്നും ആശംസിച്ചു. തെരഞ്ഞെടുപ്പു പരാജയത്തിൽ വിഷമിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാൻ അണികളോട് ആഹ്വാസം ചെയ്ത കമലാ ഹാരിസ്, ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഉന്നയിച്ച വിഷയങ്ങളിൽ പോരാട്ടം തുടരുമെന്നും കമല വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടണില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കമല.
‘ഇരുണ്ടകാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പ് ഫലം എന്തായാലും അത് അഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. അതാണ് ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് വേര്‍തിരിക്കുന്നത്’- കമല പറഞ്ഞു. ഡോണള്‍ഡ് ട്രംപിനോട് സംസാരിച്ചെന്നും വിജയാശംസകള്‍ നേര്‍ന്നെന്നും സമാധാനപരമായ ഭരണകൈമാറ്റത്തിന് താന്‍ തയാറെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു.