മുംബൈ: ഡോണൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ ഡോളറിനെതിരെ രൂപക്ക് റെക്കോഡ് തകർച്ച. 21 പൈസയുടെ നഷ്ടമാണ് ഇന്ന് രൂപക്കുണ്ടായത്. 84.30 ആയാണ് രൂപ ഇന്ന് ഇടിഞ്ഞത്. യു.എസ് ഡോളർ ഇൻഡക്സ് കുതിച്ചതോടെയാണ് രൂപ ഇടിഞ്ഞത്.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 84.23നാണ് രൂപ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 84.15ലേക്ക് മെച്ചപ്പെട്ടുവെങ്കിലും പിന്നീട് 84.31ലേക്ക് ഇടിഞ്ഞു. ഒടുവിൽ 84.30ത്തിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, ട്രംപിന്റെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിൽ വൻ നേട്ടമുണ്ടായി. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ 901 പോയിന്റ് നേട്ടമാണ് ഉണ്ടായത്. 80,378 പോയിന്റിലാണ് സെൻസെക്സിൽ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റിയിലും നേട്ടമുണ്ടായി. നിഫ്റ്റി 311 പോയിന്റ് ഉയർന്നു. 24,525 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
ഐ.ടി ഓഹരികളുടെ ഉയർച്ചയാണ് നിഫ്റ്റിക്ക് ഗുണകരമായത്. ഐ.ടി ഇൻഡക്സ് നാല് ശതമാനമാണ് ഉയർന്നത്. ടി.സി.എസ്, എച്ച്.സി.എൽ ടെക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, വിപ്രോ തുടങ്ങിയ കമ്പനികളുടെയെല്ലാം ഓഹരി വില ഉയർന്നു. യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ജയിച്ചത് യു.എസ് വിപണികൾക്ക് താൽക്കാലികമായെങ്കിലും കരുത്താകും. ഇത് ഇന്ത്യൻ വിപണികളിലും പ്രതിഫലിക്കുകയായിരുന്നു.