വാഷിങ്ടൺ: രണ്ടാം വരവിൽ ട്രംപിനു മുന്നിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ബൈഡൻ പിന്മാറി കമല ഹാരിസ് തിരഞ്ഞെടുപ്പ് കളത്തിലെത്തിയതോടെ മത്സരത്തിന് വാശിയേറി. എന്നിട്ടും ട്രംപിൻ്റെ വിജയത്തിന് കാരണമായി മാറിയ ചില സംഭവങ്ങൾ
വധശ്രമം
ജൂലൈയിൽ പെൻസിൽവേനിയയിൽ ഒരു റാലിക്കിടെ വധശ്രമത്തിൽനിന്നു ട്രംപ് കഷ്ടിച്ചു രക്ഷപ്പെട്ടു. ഒരു ബുള്ളറ്റ് ചെവിയിൽ ഉരസിക്കടന്നുപോയി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ ട്രംപിനു വീരപരിവേഷം ലഭിച്ചു. അനുകൂലികൾ കൂടുതൽ ആവേശത്തോടെ രംഗത്തിറങ്ങി. വധശ്രമം അതിജീവിച്ചതു ട്രംപിന്റെ കരുത്തിനുള്ള തെളിവായും ജനം കണ്ടു.
അമേരിക്ക ആദ്യം
‘അമേരിക്ക ആദ്യം’ എന്ന ജനപ്രിയ സാമ്പത്തികനയ പ്രഖ്യാപനവും യാഥാസ്ഥിതിക സംസ്കാരത്തിലെ ഊന്നലും ട്രംപിനു മുന്നേറ്റം നൽകി. അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന വാഗ്ദാനം അമേരിക്കൻ മധ്യവർഗത്തെ ആകർഷിച്ചു. മറ്റൊന്ന് ചൈനീസ് ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുമെന്ന പ്രഖ്യാപനമാണ്. തൊഴിൽസുരക്ഷയാണു ട്രംപ് സാധാരണക്കാർക്ക് നൽകിയ ഉറപ്പ്. ഗർഭഛിദ്ര അവകാശം ഇല്ലാതാക്കിയ സുപ്രീം കോടതി വിധിയെയും പ്രശംസിച്ചു.
സാധാരണക്കാരൻ
അമേരിക്കയിലെ തൊഴിലാളി സമൂഹത്തിന്റെ രക്ഷകൻ എന്ന പ്രതിഛായ സൃഷ്ടിക്കാൻ വിപുലമായ പ്രചാരണതന്ത്രങ്ങളാണു നടപ്പിലാക്കിയത്. മക്ഡോണൾഡ്സ് അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന ട്രംപ്, മാലിന്യം ശേഖരിക്കുന്ന ആളായും വേഷമിട്ടു. ശതകോടീശ്വരനും സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാവാത്ത ആളുമാണു ട്രംപ് എന്ന വാദത്തിനു ബദലായായി സാധാരണക്കാരൻ എന്ന ഇമേജ് നിർമിച്ചെടുത്തു.