സോൾ: ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനു മറുപടിയായി യുഎസ് വ്യോമാഭ്യാസം. കൊറിയൻ ഉപദ്വീപിൽ സഖ്യകക്ഷികളുമായിച്ചേർന്ന് യു.എസ്. വ്യോമാഭ്യാസമാരംഭിച്ചു. ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായിച്ചേർന്ന് ഞായറാഴ്ചയാണ് അഭ്യാസം തുടങ്ങിയത്. യു.എസിന്റെ ദീർഘദൂര ബി-1ബി ബോംബർ വിമാനങ്ങൾ ശക്തിപ്രകടനത്തിൽ അണിനിരന്നു. ജപ്പാന്റെയും ദക്ഷിണകൊറിയയുടെയും പോർവിമാനങ്ങളും പങ്കെടുത്തു. മൂന്നുരാജ്യങ്ങളും ചേർന്നുനടത്തുന്ന ഈ വർഷത്തെ രണ്ടാംഅഭ്യാസമാണിത്.
വ്യാഴാഴ്ചയാണ് ലോകത്തെ ഏറ്റവും കരുത്തേറിയതെന്ന അവകാശവാദത്തോടെ പുതുതായി വികസിപ്പിച്ച ഹ്വാസോങ്-19 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തരകൊറിയ പരീക്ഷിച്ചത്. അമേരിക്കൻ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉത്തരകൊറിയ മിസൈൽ പരീക്ഷിക്കുമെന്ന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നു. മിസൈൽ പരിധിയിൽ വാഷിങ്ടൺ അടക്കം അമേരിക്കയുടെ തന്ത്രപ്രധാന നഗരങ്ങൾ ഉൾപ്പെടുമെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു.