ന്യൂഡൽഹി : നിർമാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ഇന്ത്യൻ നിർമിത മരുന്ന് അമേരിക്കൻ വിപണിയിൽ നിന്നു പിൻവലിക്കാൻ നിർദേശം. രക്തത്തിൽ കാൽസ്യത്തിന്റെ വർധിച്ച അളവ്, ഹൈപ്പർപാരാതൈറോയ്ഡിസം എന്നിവയുടെ ചികിത്സയ്ക്കുള്ള സിനകാൽസെറ്റ് ഗുളികകൾ പിൻവലിക്കാനാണ് ഡോ. റെഡ്ഡീസ് ലബോറട്ടറിയോടു യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്എഫ്ഡിഎ) ആവശ്യപ്പെട്ടിരിക്കുന്നത്.
ഗുളികകളിൽ എൻ–നൈട്രോസോ സിനകാൽസെറ്റ് രാസപദാർഥം അപകടകരമായ അളവിൽ കണ്ടെത്തിയിട്ടുണ്ട്. രോഗിയിൽ ഇതു ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഹൈദരാബാദിൽ നിർമിച്ച് യുഎസിൽ വിതരണം ചെയ്ത 3.3 ലക്ഷം കുപ്പി ഗുളികകൾ തിരിച്ചെത്തിക്കാൻ കമ്പനി നടപടി തുടങ്ങി.