നീലേശ്വരം : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ കഴിഞ്ഞ ചൊവ്വ പുലർച്ചെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം സംഖ്യ മൂന്നായി. പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ള നീലേശ്വരം സ്വദേശി ബിജുവാണ് മരിച്ചത്. സാരമായി പൊള്ളലേറ്റ് വെന്റിലേറ്ററിൽ ആയിരുന്ന രതീഷ് (32) ഞായറാഴ്ച രാവിലെ മരണപ്പെട്ടിരുന്നു. 60 ശതമാനത്തിൽ അധികം പൊള്ളലേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശനി രാത്രി കണ്ണൂർ സ്വകാര്യാശുപത്രിയിൽ മരിച്ച കിനാനൂർ റോഡിലെ ഓട്ടോ ഡ്രൈവർ സി സന്ദീപ് (38) ന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഞായർ വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പരേതനായ അമ്പൂഞ്ഞിയുടെയും ജാനകിയുടെയും മകനാണ് മരിച്ച രതീഷ്. അവിവാഹിതനാണ്. സഹോദരങ്ങൾ: കാഞ്ചന, രാഗിണി.
അപകടത്തിൽ പരിക്കേറ്റ 94 പേർ നിലവിൽ 11 ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇവരിൽ 30 പേർ ഇപ്പോഴും ഐസിയുവിലാണ്.
ഉത്സവ നടത്തിപ്പുകാരുടെ കടുത്ത അലംഭാവമാണ് അപകടത്തിന് മുഖ്യകാരണമെന്നാണ് എഫ്‌ഐആറിലുള്ളത്. സംഘാടകരായ ഒമ്പതുപേർക്കെതിരെ വധശ്രമ കുറ്റം ചുമത്തി നാലുപേരെ അറസ്‌റ്റ് ചെയ്‌തു.