വാഷിംഗ്ടണ്‍: അമേരിക്കൻ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. ഡെമോക്രാറ്റിക്ക് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്‍റുമായ കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡോണൾഡ് ട്രംപും തമ്മിൽ അവസാന ലാപ്പിലും വാശിയേറിയ പോരാട്ടമാണ്. അമേരിക്കൻ ജനത വിധി കുറിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആര്‍ക്കാണ് മുന്‍തൂക്കം എന്ന പ്രവചനങ്ങളുമായി പലരും രംഗത്തുണ്ട്. പ്രമുഖ മാധ്യമങ്ങളെല്ലാം ഇക്കാര്യത്തിൽ വ്യത്യസ്ഥ പ്രവചനങ്ങളാണ് ഇപ്പോൾ നടത്തുന്നത്.
ബൈഡൻ പിന്മാറിയതിന് പിന്നാലെ സ്ഥാനാർഥിയായെത്തിയപ്പോൾ കമല ഹാരിസിനു മുൻതൂക്കം പല സർവേകളിലും കിട്ടിയിരുന്നെങ്കിലും ഇപ്പോൾ ട്രംപിന്റെ മുന്നേറ്റവും വിവിധ സർവേകൾ പ്രവചിക്കുന്നുണ്ട്. അതിനിടയിലാണ് യു എസിലെ പ്രശ്‌സതമായ ‘വാച്ച് വാറ്റ് ഹാപ്പന്‍സ് ലൈവ്’ ഷോയുടെ പ്രവചനവും പുറത്ത് വന്നിരിക്കുന്നത്. ഷോയുടെ അവതാരകനായ ആന്റി കോഹൻ പ്രേക്ഷകരെ സാക്ഷിയാക്കി തത്സമയാണ് പ്രവചനം നടത്തിയത്. ഡബ്ല്യു ഡബ്ല്യു എച്ച് എം എല്‍ എന്നറിയപ്പെടുന്ന പ്രമുഖ ലൈവ് ഷോ 2016 ല്‍ ഹിലരിക്കെതിരെ ട്രംപ് അട്ടിമറി ജയം നേടുമെന്ന് പ്രവചനം നടത്തിയാണ് ശ്രദ്ധ നേടിയത്. അതുകൊണ്ടുതന്നെ പലരും ഡബ്ല്യു ഡബ്ല്യു എച്ച് എം എല്‍ പ്രവചനത്തിന് വലിയ പ്രസക്തി നൽകുന്നുണ്ട്. 2016 ൽ ട്രംപിനാണ് ഡബ്ല്യു ഡബ്ല്യു എച്ച് എം എല്‍ പച്ചക്കൊടി ഉയർത്തിയതെങ്കിൽ ഇക്കുറി കമലയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്. ചെറിയ വിജയമൊന്നുമല്ല വമ്പൻ ജയമാണ് ഡബ്ല്യു ഡബ്ല്യു എച്ച് എം എല്‍ കമലാ ഹാരിസിന് പ്രവചിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന എപ്പിസോഡിലായിരുന്നു പ്രവചനം.
ആദ്യം അവതാരകനായ കോഹന്‍ പ്രേക്ഷകരോട് തിരഞ്ഞെടുപ്പിൽ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് ചോദിക്കുകയായിരുന്നു. ബഹുഭൂരിപക്ഷവും കമലാ ഹാരിസ് എന്ന ഉത്തരമാണ് നൽകിയത്. കൃത്യമായി പറഞ്ഞാൽ 73 ശതമാനം പേരാണ് കമല വിജയിക്കുമെന്ന് കുറിച്ചത്. ട്രംപിന് വെറും 27 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഇതിന് പിന്നാലെ കമലാ ഹാരിസ് വമ്പൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നായിരുന്നു കോഹനും പറഞ്ഞുവച്ചത്. എന്തായാലും തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്നതിനാൽ യഥാർത്ഥ ഉത്തരത്തിനായി ഇനി ഒരുപാട് കാത്തിരിക്കേണ്ടിവരില്ല