വാഷിങ്ടൺ: അമേരിക്കയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും വിവാദങ്ങൾ ഉടലെടുത്തിരിക്കുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസ് സിബിഎസ് ന്യൂസിന് നൽകിയ വിവാദ അഭിമുഖത്തിലാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപ് ഇപ്പോൾ പരാതിയുമായി എത്തിയിരിക്കുന്നത്. ഈ മാസം ആദ്യം നൽകിയ അഭിമുഖം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് ട്രംപ് സിബിഎസ് ന്യൂസിനെതിരെ കേസ് കൊടുത്തിരിക്കുന്നത്.
ടെക്‌സാസിലെ നോർത്തേൺ ഡിസ്ട്രിക്റ്റിലെ ഫെഡറൽ കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്. ചാനലിന്റെ അഭിമുഖ പരിപാടിയായ ’60 മിനുട്‌സി’ൽ ഇസ്രായേലുമായി ബന്ധപ്പെട്ട ഒരേ ചോദ്യത്തിന് രണ്ട് മറുപടികൾ സംപ്രേഷണം ചെയ്തതായാണ് ആരോപണം. ജൂറി അന്വേഷണവും 10 ബില്യൺ ഡോളർ നഷ്ടപരിഹാരവും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. അഭിമുഖത്തിനെതിരെ നേരത്തെയും ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. അഭിമുഖം ‘വ്യാജവാർത്താ കുംഭകോണ’മാണെന്നാണ് മുൻ യുഎസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.