ലോസ് ആഞ്ജലസ്: പ്ലാസ്റ്റിക് ബോട്ടിൽ മാലിന്യത്തിന്റെ പേരിൽ ലോകപ്രശസ്ത ശീതള പാനീയ കമ്പനികളായ പെപ്സിക്കും കൊക്കക്കോളക്കുമെതിരെ നിയമനടപടി സ്വീകരിച്ച് യു.എസിലെ ലോസ് ആഞ്ജലസ് കൗണ്ടി. പ്ലാസ്റ്റിക് ബോട്ടിലുകളുടെ പുനരുൽപാദനത്തെക്കുറിച്ച് ഉപഭോക്താക്കളെ കമ്പനികൾ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ലോസ് ആഞ്ജലസ് സുപ്പീരിയർ കോടതിയിൽ സമർപ്പിച്ച പരാതിയിൽ ആരോപിച്ചു. നിയമവിരുദ്ധ ബിസിനസ് രീതികൾ തുടരുന്ന പെപ്സിയും കൊക്കക്കോളയും പിഴയടക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബോട്ടിലുകൾകൊണ്ട് കമ്പനികൾ പ്ലാസ്റ്റിക് മലിനീകരണമുണ്ടാക്കുകയാണ്. പ്ലാസ്റ്റിക് ബോട്ടിലുകൾ പുനരുപയോഗിക്കാവുന്നതാണെന്ന് വിശ്വസിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ്. കമ്പനികൾ നിർമിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൊതുശല്യമാണ്. കൊക്കക്കോളയും പെപ്സിയും വഞ്ചന അവസാനിപ്പിക്കുകയും പ്ലാസ്റ്റിക് മലിനീകരണ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണമെന്നും ലോസ് ആഞ്ജലസ് കൗണ്ടി ഭരണകൂടത്തിന്റെ അധ്യക്ഷയായ ലിൻഡ്സെ ഹോർവാത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതേസമയം, പരാതിയെക്കുറിച്ച് പെപ്സിയും കൊക്കക്കോളയും പ്രതികരിച്ചിട്ടില്ല.
ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക് സംഘടനയുടെ കണക്ക് പ്രകാരം പെപ്സി കമ്പനി 2.5 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക്കും കൊക്കക്കോള 3.224 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക്കും പ്രതിവർഷം ഉൽപാദിപ്പിക്കുന്നുണ്ട്.