കഴിഞ്ഞ ശനിയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി നിർദ്ദേശം നൽകിയെന്ന് റിപ്പോർട്ട്. ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറെടുക്കാൻ ഇറാന്റെ പരമോന്നത നേതാവ് ദേശീയ സുരക്ഷാ സമിതിക്ക് നിർദ്ദേശം നൽകിയയെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ ഖമേനി വിലയിരുത്തിയിരുന്നു. ഇസ്രായേലിന്റെ ആക്രമണം കാരണമുണ്ടായ നാശനഷ്ടങ്ങൾ അവഗണിക്കാൻ കഴിയാത്തത്ര പ്രാധാന്യമർഹിക്കുന്നതാണെന്ന നിഗമനത്തിൽ എത്തിയതിന് ശേഷമാണ് പ്രത്യാക്രമണത്തിന് തയ്യാറെടുക്കാൻ ഖമേനി നിർദ്ദേശം നൽകിയിരിക്കുന്നത്.
നവംബർ 5 ന് മുമ്പ് ഇസ്രായേലിനെതിരെ പ്രത്യാക്രമണം നടത്താനാണ് ഇറാൻ തയ്യാറെടുക്കുന്നതെന്നും സൂചനയുണ്ട്. നിർണായകമായ അമേരിക്കൻ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആക്രമണം ആസൂത്രണം ചെയ്യാനാണ് ഇറാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ടെഹ്‌റാനിലെ മിസൈൽ നിർമ്മാണ പ്ലാൻ്റുകളിലും പ്രതിരോധ സംവിധാനങ്ങളിലുമുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ ഇറാനിയൻ സൈനിക ഉദ്യോഗസ്ഥർ ഖമേനിയോട് വിശദീകരിച്ചിരുന്നു. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് അവലോകനം ചെയ്തതിന് ശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയത്തുള്ള ഖമേനി തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.