മനാമ ∙ ദീപാവലി ദിനത്തിൽ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ദീപാവലി ആശംസകൾ നേർന്നിരിക്കുകയാണ് ബഹ്‌റൈൻ കിരീടാവകാശിയും രാജകുടുംബാംഗങ്ങളും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്നലെ രാത്രി ദീപാവലി ആഘോഷത്തിനായി നിരവധി കുടുംബങ്ങളെ സന്ദർശിച്ചു.
ബഹ്‌റൈനിലെ ബിസിനസ് രംഗത്തെ പ്രമുഖരായ ബാബൂഭായ് കേവൽറാം, മുൽജിമൽ, കവലാനി, താക്കർ, കേവൽറാം, അസർപോട്ട, ഭാട്ടിയ കുടുംബങ്ങളിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാനും മറ്റ് രാജകുടുംബാംഗങ്ങളും എത്തിയത്. രാജ്യത്തിന്‍റെ ഐക്യം, ബഹുസ്വരത, സഹവർത്തിത്വം എന്നിവ ഉയർത്തിക്കാട്ടുന്നതിൽ ഇന്ത്യൻ സമൂഹത്തിന്‍റെ പങ്കിനെ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രശംസിച്ചു.
എല്ലാ മതങ്ങളോടുമുള്ള രാജ്യത്തിന്‍റെ ബഹുമാനവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സുരക്ഷിതവും അനുകമ്പയും നിറഞ്ഞ അന്തരീക്ഷത്തിൽ ഉൾപ്പെടുന്നതിലുമുള്ള ബഹ്റൈന്‍റെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു. സമൂഹത്തെ സേവിക്കുന്നതിനും ബഹ്‌റൈനിലെ സമൂഹത്തിൽ ഐക്യവും ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ വംശജർ വഹിക്കുന്ന സേവനത്തെയും അദ്ദേഹം പ്രശംസിച്ചു.
രാജ്യത്തിന്‍റെ ശക്തമായ നിലനിൽപ്പിന് എന്നും പിന്തുണ നൽകുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാന്‍റെ സന്ദർശനത്തിന് വ്യവസായി കുടുംബങ്ങൾ നന്ദി രേഖപ്പെടുത്തി. ബഹ്‌റൈൻ രാജ്യത്തിന് കൂടുതൽ പുരോഗതിയും വികസനവും ആശംസിച്ചുകൊണ്ട് അവർ ഉപസംഹരിച്ചു. നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ദീപാവലി ആഘോഷത്തിൽ സംബന്ധിക്കാൻ എത്തിയിരുന്നു.