കേരളപ്പിറവി ദിനത്തിൽ മെഗാ ബജറ്റ് ചിത്രം ‘എമ്പുരാന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരൻ. 2025 മാര്‍ച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. കൗതുകമുണര്‍ത്തുന്ന ഒരു പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ള ഷർട്ടണിഞ്ഞ് മുഖം തിരിഞ്ഞു നിൽക്കുന്ന ഒരാളെ പോസ്റ്ററിൽ കാണാം. സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പകാലമോ അതോ ഇതാണോ എമ്പുരാനിലെ മോഹൻലാലിന്റെ വില്ലൻ എന്നുമാണ് ആരാധകരുടെ ഇടയിൽ ചർച്ച.
ലൂസിഫറിന്‍റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈകാ പ്രൊഡക്‌ഷനും ചേർന്നാണ്.