ലഖ്‌നൗ: സരയൂനദിക്കരയില്‍ 25 ലക്ഷത്തിലധികം മണ്‍ചെരാതുകള്‍ ഒരുമിച്ച് മിഴിതുറന്നതോടെ ലോക റെക്കോഡില്‍ ഇടംപിടിച്ച് അയോധ്യയിലെ ദീപോത്സവ് 2024. ദീപാവലിക്ക് മുന്നോടിയായുള്ള ദീപോത്സവത്തില്‍ 25 ലക്ഷം ചെരാതുകള്‍ തെളിയിക്കാനാണ് സംഘാടകര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 25,12,585 ചെരാതുകള്‍ തെളിയിച്ചു.
മ്യാന്‍മര്‍, നേപ്പാള്‍, തായ്‌ലന്‍ഡ്, മലേഷ്യ, കംബോഡിയ, ഇന്‍ഡൊനീഷ്യ എന്നീ ആറ് രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാരും ഉത്തരാഖണ്ഡില്‍നിന്നുള്ള രാംലീല അവതരണവുമായിരുന്നു ദീപോത്സവത്തിന്റെ മുഖ്യ ആകര്‍ഷണങ്ങള്‍. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധി കലാകാരന്മാരും വ്യത്യസ്തമായ പ്രകടനം കാഴ്ചവെച്ചു.
ചെരാതുകള്‍ ഒരുമിച്ച് തെളിഞ്ഞതിന് പിന്നാലെ സരയൂനദിക്കരയുടെ ആകാശദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു ശേഷമുള്ള ആദ്യത്തെ ദീപോത്സവമായിരുന്നു ഇത്തവണത്തേത്. ആയിരക്കണക്കിനാളുകളാണ് ദീപോത്സവത്തിനായി എത്തിച്ചേര്‍ന്നത്.
രണ്ട് ഗിന്നസ് ലോക റെക്കോഡുകളാണ് ഇത്തവണത്തെ ദീപോത്സവം സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ചെരാതുകള്‍ ഒരുമിച്ച് തെളിയിച്ചതും ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരുമിച്ച് പങ്കെടുത്ത ആരതി ചടങ്ങുമാണ് ഇവ. 1121 പേരാണ് ആരതിക്ക് ഇക്കുറി ഒത്തുചേര്‍ന്നത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗിന്നസ് ലോക റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചു.