ന്യൂയോർക്ക്: മ്യാൻമാറിൽ സംഘർഷം വർധിക്കുകയാണെന്നും ക്രിമിനൽശൃംഖലകൾ നിയന്ത്രണാതീതമായെന്നും ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) പ്രത്യേകപ്രതിനിധി ജൂലി ബിഷപ്പ് പറഞ്ഞു. മനുഷ്യരുടെ യാതനകൾ മുൻപില്ലാത്തവിധം കൂടുതലായെന്നും യു.എൻ. പൊതുസഭയുടെ മനുഷ്യാവകാശസമിതിയിൽ അവർ അറിയിച്ചു.
മ്യാൻമാർകാര്യത്തിനായി ഏപ്രിലിലാണ് ബിഷപ്പിനെ യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് നിയമിച്ചത്. അവരുടെ ആദ്യ റിപ്പോർട്ടാണിത്.
ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അധികാരത്തിലേറാൻ അനുവദിക്കാതെ 2021 ഫെബ്രുവരിയിലാണ് സൈന്യം മ്യാൻമാറിന്റെ ഭരണം പിടിച്ചെടുത്തത്. ഇതേത്തുടർന്നുണ്ടായ വ്യാപകപ്രക്ഷോഭത്തെ ഉരുക്കുമുഷ്ടിയാൽ അടിച്ചമർത്തി. വിവിധ സായുധസംഘങ്ങൾ പട്ടാളത്തിനെതിരേ ഇപ്പോഴും പോരാടുന്നുണ്ട്. 30 ലക്ഷംപേർ സ്വഭവനങ്ങൾ വിട്ടുപോകാൻ നിർബന്ധിതരായെന്നും 1.86 കോടിപ്പേർക്ക് അടിയന്തരസഹായം ആവശ്യമുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
മ്യാൻമാറിന്റെ അയൽരാജ്യങ്ങളായ ചൈനയും തായ്‌ലാൻഡും സന്ദർശിച്ചെന്നും ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യയും ബംഗ്ലാദേശും സന്ദർശിക്കുമെന്നും അവർ പറഞ്ഞു.