പലസ്തീന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സി UNRWA നിരോധിച്ച് ഇസ്രയേല്‍. യുഎന്‍ആര്‍ഡബ്ല്യുഎയുമായുള്ള സഹകരണം നിരോധിക്കുകയും ഇസ്രയേലിലും അധിനിവേശ പലസ്തീന്‍ പ്രദേശത്തും ഏജന്‍സിയുടെ സാന്നിധ്യം പരിമിതപ്പെടുത്തുകയും ചെയ്യുന്ന രണ്ട് നിയമങ്ങള്‍ ഇസ്രയേല്‍ പാര്‍ലമെന്‌റ് പാസാക്കി. ഏജന്‍സിയുടെ പ്രവർത്തനം പരിമിതപ്പെടുത്തിക്കൊണ്ട് യുഎന്‍ആര്‍ഡബ്ല്യുഎ ജീവനക്കാരും ഇസ്രയേലി ഉദ്യോഗസ്ഥരും തമ്മിലുള്ള സമ്പര്‍ക്കവും നിരോധിക്കും. ഗാസയിലേക്കുള്ള എല്ലാ ക്രോസിങ്ങുകളും നിയന്ത്രിക്കുന്ന ഇസ്രയേല്‍ സൈന്യവുമായുള്ള സഹകരണം ആക്രമണത്തില്‍ തകര്‍ന്ന പ്രദേശത്തേക്ക് സഹായം കൈമാറുന്നതിന് യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് അത്യന്താപേക്ഷിതമാണ്. കിഴക്കന്‍ ജറുസലേമിലെ ഏജന്‍സിയുടെ ആസ്ഥാനം അടച്ചുപൂട്ടാനും തീരുമാനമുണ്ട്.
യുഎസ്, യുകെ, ജര്‍മനി എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഈ നീക്കത്തില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഗാസ മുനമ്പില്‍ മാനുഷിക സഹായം വിതരണം ചെയ്യുന്നതില്‍ യുഎന്‍ആര്‍ഡബ്ല്യുഎ നിര്‍ണായക പങ്ക് വഹിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‌റ് പറഞ്ഞു.
ഇരുപത് ലക്ഷത്തിലധികം വരുന്ന എന്‍ക്ലേവിലെ ഭൂരിഭാഗവും ഏജന്‍സിയില്‍നിന്നു വരുന്ന സഹായത്തെയും സേവനങ്ങളെയുമാണ് ആശ്രയിച്ചിരുന്നത്. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ‘ഇത് തെറ്റായ നീക്കമാണെന്ന്’ പറഞ്ഞു. അതേസമയം, ജബാലിയ അഭയാര്‍ഥി ക്യാമ്പിലെ യുഎന്‍ആര്‍ഡബ്ല്യുഎ നടത്തുന്ന അല്‍ ഫഖൂറ സ്‌കൂള്‍ ഇസ്രയേല്‍ സൈന്യം കത്തിക്കുകയും പ്രദേശത്തെ വീടുകള്‍ തകര്‍ക്കുകയും ചെയ്തതായി അല്‍ ജസീറയും വഫാ വാര്‍ത്താഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.