Monday, December 23, 2024
HomeBreakingNewsകുട്ടിക്കാലത്തേ പ്രണയം; ജാതിഭ്രാന്തിനു മുന്നിൽ തലകുനിച്ച് കേരളം

കുട്ടിക്കാലത്തേ പ്രണയം; ജാതിഭ്രാന്തിനു മുന്നിൽ തലകുനിച്ച് കേരളം

പാലക്കാട് : സാക്ഷര കേരളമെന്ന അഭിമാനച്ചൊല്ലിനെ അപമാനിച്ച അരുംകൊലയായിരുന്നു തേങ്കുറുശിയിലേത്. മകൾ ഹരിത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, ഇതരജാതിയിൽപ്പെട്ട അനീഷിനെ വിവാഹം കഴിച്ചപ്പോൾ അച്ഛന്റെയും അമ്മാവന്റെയും ഭീഷണിയെത്തി: ‘നിന്റെ താലിക്ക് 90 ദിവസം ആയുസ്സുണ്ടാകില്ല’. അച്ഛനും അമ്മാവനും ജാതിഭ്രാന്തിൽ പറഞ്ഞ വാക്ക് ‌യാഥാർഥ്യമാക്കിയപ്പോൾ ഹരിത തീരാക്കണ്ണീരിലേക്ക് വീണു, കേരളം അപമാനഭാരത്താൽ തലകുനിച്ചു. ഹരിതയ്ക്ക് നിയമപരമായി നീതി ലഭിച്ചു. പെൺകുട്ടികൾക്ക് സാമൂഹികനീതി ഉറപ്പായോ എന്ന ചോദ്യം ബാക്കിയാകുന്നു. 

ഹരിതയെ വിവാഹം കഴിച്ചതിന്റെ പേരിൽ കുഴൽമന്ദം തേങ്കുറുശി മാനാംകുളമ്പ് സ്കൂളിനു സമീപം ഇലമന്ദം അറുമുഖന്റെയും രാധയുടെയും മകൻ അനീഷ് (27) കൊല്ലപ്പെട്ടത് 2020 ഡിസംബർ 25ന്. ഹരിതയുടെ പിതാവ് പ്രഭുകുമാർ (43), അമ്മാവൻ സുരേഷ്കുമാർ (45) എന്നിവരായിരുന്നു പ്രതികൾ. കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയായ 2018ലെ കോട്ടയം കെവിൻ വധത്തിനു പിന്നാലെയായിരുന്നു  പാലക്കാട് തേങ്കുറുശിയിലെ ദുരഭിമാനക്കൊല. മകളുടെ ഭർത്താവ് വിവാഹം നടന്നതിന്റെ 90 ദിവസത്തിനുള്ളിൽ കൊല്ലപ്പെടുമെന്ന ഭീഷണി കൊലപാതകത്തിലെത്തിയത് വിവാഹത്തിന്റെ തൊണ്ണൂറാം ദിവസത്തിനു തലേന്ന്.

 തേങ്കുറുശ്ശിയിൽ ഒരു കിലോമീറ്റർ അകലെയാണ് ഹരിതയുടെയും അനീഷിന്റെയും വീടുകൾ. വ്യത്യസ്ത ജാതികളിൽപ്പെട്ട അനീഷും ഹരിതയും സ്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്നു. കൊലപാതകം നടക്കുമ്പോൾ അനീഷ് പെയിന്റിങ് തൊഴിലാളിയും ഹരിത രണ്ടാം വർഷ ബിബിഎ വിദ്യാർഥിയുമാണ്. വീട്ടുകാർ മറ്റൊരാളുമായി ഹരിതയുടെ വിവാഹം നിശ്ചയിച്ചതിനു പിറ്റേന്നാണ് ഇരുവരും വിവാഹിതരായത്. സാമ്പത്തിക അന്തരവും ഇതര ജാതിയായതും ഹരിതയുടെ പിതാവിന്റെയും അമ്മാവന്റെയും പക വർധിപ്പിച്ചു. മകളെ തട്ടിക്കൊണ്ടുപോയെന്ന പ്രഭുകുമാറിന്റെ പരാതിയിൽ പൊലീസ് ഇരുകൂട്ടരുമായി ചർച്ച നടത്തി. ഇനി പരാതിയില്ലെന്നാണു പ്രഭുകുമാർ അന്നു പൊലീസിനോട് പറഞ്ഞത്. 

എന്നാൽ പിന്നീടും അനീഷിനെ പലതവണ ഭീഷണിപ്പെടുത്തി. പ്രഭുകുമാറും സുരേഷ് കുമാറും നേരത്തേ പ്രദേശത്തുണ്ടായ അക്രമ കേസുകളിൽ പ്രതികളായിരുന്നു. സാമ്പത്തികം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് ഹരിതയെ തിരികെ വീട്ടിലേക്ക് എത്തിക്കാൻ പ്രതികൾ ശ്രമിച്ചതായി അനീഷിന്റെ അമ്മയും അച്ഛനും പൊലീസിനു മൊഴി നൽകി. സുരേഷ്കുമാർ സ്ഥിരമായി കത്തിയുമായാണു നടന്നിരുന്നതെന്നും അനീഷിന്റെ കുടുംബാംഗങ്ങൾ പെ‍ാലീസിനെ അറിയിച്ചിരുന്നു.

2020 ഡിസംബർ 25നു വൈകിട്ട് അഞ്ചരയോടെ, അനീഷ് സഹോദരൻ അരുണിനൊപ്പം കടയിൽപ്പോയി മടങ്ങുമ്പോഴായിരുന്നു അക്രമം. പ്രഭുകുമാറും സുരേഷ്കുമാറും ഇരുമ്പുദണ്ഡുകൊണ്ടു തലയിലടിക്കുകയും കത്തി കൊണ്ടു കുത്തുകയുമായിരുന്നു. അനീഷിന്റെ മരണം രക്തം വാർന്നാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയ്ക്കും തുടയ്ക്കും അടക്കം ശരീരത്തിൽ പത്തിലധികം മുറിവുകളുണ്ടായിരുന്നു. കാലിലേറ്റ വെട്ടിൽ പ്രധാന രക്തക്കുഴലടക്കം മുറിഞ്ഞു. സുരേഷ്കുമാറിനെ ബന്ധുവീട്ടിൽനിന്നും പ്രഭുകുമാറിനെ കോയമ്പത്തൂർ ഗാന്ധിനഗറിൽനിന്നുമാണു പിടികൂടിയത്.

ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പുദണ്ഡ്, കത്തി, ധരിച്ചിരുന്ന വസ്ത്രം, ചെരിപ്പ് എന്നിവ കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിന് എത്തിച്ചപ്പോഴും പ്രതികൾക്കു കൂസലുണ്ടായിരുന്നില്ല. നടന്ന സംഭവം ഒട്ടും പതർച്ചയില്ലാതെ പൊലീസിനോടു വിവരിച്ചു. മുന്നോട്ടു ജീവിക്കാൻ ഹരിതയ്ക്ക് ഒരു ജോലി വേണം. ബിബിഎ പൂർത്തിയാക്കി. ഇപ്പോൾ പിഎസ്‌സി പരിശീലനം നടത്തുകയാണ്. അനീഷിന്റെ അച്ഛനും അമ്മയും സ്വന്തം മകളായി തന്നെയാണു നോക്കുന്നതെന്നു ഹരിത പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments