Wednesday, November 25, 2026
HomeNewsവിലകുറഞ്ഞതോടെ സ്വർണ്ണ വിപണി ഉണർന്നു: ജ്വല്ലറികളില്‍ തിരക്ക്

വിലകുറഞ്ഞതോടെ സ്വർണ്ണ വിപണി ഉണർന്നു: ജ്വല്ലറികളില്‍ തിരക്ക്

കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടായ വലിയ ഇടിവ്, വിവാഹങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കും സമ്മാനങ്ങള്‍ നല്‍കാനായി വിലയേറിയ ലോഹങ്ങള്‍ വാങ്ങുന്നവര്‍ക്കും ആശ്വാസം നല്‍കിയിട്ടുണ്ട്.

അതേസമയം, നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കും ഇത് നഷ്ടസാധ്യതയെക്കുറിച്ചുള്ള ആശങ്കകളും സൃഷ്ടിച്ചിരിക്കുന്നു. വില കുറഞ്ഞതിനെത്തുടര്‍ന്ന് ജ്വല്ലറികളില്‍ വില്‍പ്പന വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ ഈ മാറ്റം ബിസിനസ്സിനെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ഭാവിയില്‍ വിലയില്‍ എന്ത് മാറ്റമുണ്ടാകുമെന്നതിനെക്കുറിച്ചും വ്യവസായ പ്രതിനിധികള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.

ചൊവ്വാഴ്ചത്തെ വിപണി നിരക്കുകള്‍ പ്രകാരം, 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,780 രൂപയായിരുന്നു വില.2026 ജനുവരിയില്‍ ഇത് ഗ്രാമിന് ഏകദേശം 18,000 രൂപയായിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്വര്‍ണവില ഗ്രാമിന് 15,000 മുതല്‍ 16,000 രൂപ വരെയായിരുന്നു. വെള്ളിയുടെ വിലയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.

കിലോയ്ക്ക് 3.5 ലക്ഷം മുതല്‍ 4 ലക്ഷം രൂപ വരെയായിരുന്ന വെള്ളി വില ഇപ്പോള്‍ 1.6 ലക്ഷം രൂപയായി കുറഞ്ഞു. സ്വര്‍ണവിലയില്‍ ഏകദേശം 34 ശതമാനവും വെള്ളി വിലയില്‍ ഏകദേശം 60 ശതമാനവും കുറവുണ്ടായിട്ടുണ്ട് എന്ന് ബെംഗളൂരു ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ഓണററി സെക്രട്ടറി ശ്രീനിവാസ് ആര്‍. പറയുന്നു.

‘നിലവിലെ സാഹചര്യത്തെ രണ്ട് രീതിയില്‍ വിലയിരുത്താം. വിവാഹാവശ്യങ്ങള്‍ക്കോ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനോ സ്വര്‍ണവും വെള്ളിയും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു നല്ല സമയമാണ്. എന്നാല്‍, ലാഭം പ്രതീക്ഷിച്ചുകൊണ്ട് നേരത്തെ സ്വര്‍ണമോ വെള്ളിയോ നിക്ഷേപമായി വാങ്ങിയവരെ സംബന്ധിച്ചിടത്തോളം ഇതൊരു അനുകൂലമായ സമയമല്ല,’ അദ്ദേഹം പറഞ്ഞു.

സ്വര്‍ണവില ഇനിയും കുറഞ്ഞ് ഗ്രാമിന് ഏകദേശം 11,500 രൂപയിലേക്ക് എത്തിയേക്കാം എന്നും അദ്ദേഹം പറഞ്ഞു. വില കുറഞ്ഞ സാഹചര്യം മുതലെടുക്കാന്‍ ഉപഭോക്താക്കള്‍ എത്തിയതോടെ, കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ജ്വല്ലറികളില്‍ വില്‍പ്പന വര്‍ധിച്ചതായി ശ്രീ സായി ഗോള്‍ഡ് പാലസ് സ്ഥാപകനും ഉടമയുമായ ടി.എ. ശരവണ പറഞ്ഞു.’ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണവില ഗ്രാമിന് 18,000 രൂപ വരെ ഉയരുകയും, തുടര്‍ന്ന് വെറും 10 മാസത്തിനുള്ളില്‍ 12,000 രൂപയിലേക്ക് താഴുകയും ചെയ്യുന്നത്. വെള്ളിയുടെ വിലയിലും സമാനമായ പ്രവണതയാണ് കണ്ടുവരുന്നത്,’ അദ്ദേഹം പറഞ്ഞു. എങ്കിലും, വിലയിലുണ്ടായ ഈ ഇടിവ് പുതുതായി ആരംഭിച്ച ജ്വല്ലറി ബിസിനസുകളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രത്യേകിച്ച്‌, കടകള്‍ തുടങ്ങുന്നതിനും സ്വര്‍ണം വാങ്ങുന്നതിനുമായി ബാങ്കുകളില്‍ നിന്നോ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പയെടുത്ത സംരംഭങ്ങളെ ഇത് സാരമായി ബാധിച്ചേക്കാം. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ക്ക് ഇത്തരം നഷ്ടങ്ങള്‍ സഹിക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ അത് നികത്താനോ സാധിച്ചേക്കും. എന്നാല്‍, പുതുതായി ആരംഭിച്ച കടകള്‍ക്ക് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നേക്കാം.

ജീവനക്കാരുടെ ശമ്പളം, വൈദ്യുതി ബില്ലുകള്‍, മറ്റ് പ്രവര്‍ത്തനച്ചെലവുകള്‍ എന്നിവ കൂടി കണക്കിലെടുക്കുമ്പോള്‍, സ്വര്‍ണ-വെള്ളി വ്യാപാര മേഖലയില്‍ ഏകദേശം 25 ശതമാനത്തോളം നഷ്ടം ഉണ്ടായേക്കാമെന്നാണ് തന്റെ കണക്കുകൂട്ടല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിലയിലുണ്ടാകുന്ന കുറവ് മിക്ക ജ്വല്ലറി ബിസിനസുകള്‍ക്കും നഷ്ടമുണ്ടാക്കണമെന്നില്ല എന്നാണ്. കര്‍ണാടക സ്റ്റേറ്റ് ജ്വല്ലേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ബി. രാമാചാരി പറയുന്നത്.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പല ജ്വല്ലറി ഉടമകളും സ്വര്‍ണവും വെള്ളിയും കുറഞ്ഞ വിലയ്ക്ക് വാങ്ങിയിട്ടുണ്ടാകാമെന്നും, പിന്നീട് വില ഗണ്യമായി ഉയര്‍ന്നപ്പോള്‍ അവ ഉപഭോക്താക്കള്‍ക്ക് വിറ്റിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ആ കാലയളവില്‍ ലഭിച്ച ലാഭം, നിലവിലെ വിലയിരുത്തലില്‍ ഉണ്ടാകാനിടയുള്ള നഷ്ടങ്ങളെ നികത്താന്‍ സഹായിക്കും.സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപം നടത്താന്‍ ആലോചിക്കുന്നവരോട്, ഡിസംബര്‍ 9 വരെ കാത്തിരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

യുഎസ് ഫെഡറല്‍ റിസര്‍വ് തങ്ങളുടെ പലിശ നിരക്കുകള്‍ അവലോകനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത് ഈ ദിവസമാണ്.’പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുകയാണോ അതോ കുറയ്ക്കുകയാണോ എന്നതിനെ ആശ്രയിച്ച്‌, സ്വര്‍ണത്തിലും വെള്ളിയിലുമുള്ള നിക്ഷേപ രീതികളില്‍ മാറ്റം വന്നേക്കാം. ഇത് ആവശ്യകതയെയും വിലയെയും സ്വാധീനിച്ചേക്കാം. ആവശ്യകതയിലും വിതരണത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്‌, ഡിസംബര്‍ പകുതിയോടെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്,’ അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments