Wednesday, November 25, 2026
HomeNewsശാസ്ത്രീയ പരിശോധനയ്ക്കായി എഥനോള്‍ കലര്‍ത്താത്ത പെട്രോള്‍ വേണം; ലഭ്യമാക്കുന്നതിനായി കേന്ദ്ര സഹായം തേടി കേരളം

ശാസ്ത്രീയ പരിശോധനയ്ക്കായി എഥനോള്‍ കലര്‍ത്താത്ത പെട്രോള്‍ വേണം; ലഭ്യമാക്കുന്നതിനായി കേന്ദ്ര സഹായം തേടി കേരളം

പെട്രോളില്‍ അളവില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്ന് തുടര്‍പരിശോധനകള്‍ക്കായി കേന്ദ്ര സഹായം തേടി കേരളം. സംസ്ഥാനത്ത് വില്‍ക്കുന്ന ഇന്ധനത്തിലെ എഥനോളിന്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കുന്നതിനായി, എണ്ണ വിപണന കമ്പനികളില്‍ നിന്ന് എഥനോള്‍ കലര്‍ത്താത്ത പെട്രോള്‍ സാമ്പിളുകള്‍ ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കമ്പനികള്‍ വൈകാതെ തന്നെ ഈ സാമ്പിളുകള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിയോടും സഹമന്ത്രി സുരേഷ് ഗോപിയോടും അഭ്യര്‍ത്ഥിച്ചു. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വാഹന എന്‍ജിനുകളെ ദോഷകരമായി ബാധിച്ചേക്കാമെന്ന പരാതികള്‍ വിവിധ കോണുകളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് അനൂപ് ജേക്കബ് വ്യക്തമാക്കി.

ഇതിനെത്തുടര്‍ന്ന്, സംസ്ഥാനത്തുടനീളമുള്ള പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ സാമ്പിളുകള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് കഴിഞ്ഞ രണ്ടാഴ്ചയായി നടപടികള്‍ സ്വീകരിച്ച് വരികയാണ്. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചാണ് സാമ്പിളുകള്‍ ശേഖരിച്ചത്, തുടര്‍ന്ന് പരിശോധനയ്ക്കായി സര്‍ക്കാര്‍ കെമിക്കല്‍ എക്‌സാമിനര്‍ ലബോറട്ടറികളിലേക്ക് അയച്ചു.

എന്നാല്‍, പെട്രോളിലെ എഥനോളിന്റെ അളവ് കൃത്യമായി നിര്‍ണയിക്കുന്നതിന് ശുദ്ധമായ പെട്രോള്‍ ഒരു റഫറന്‍സ് സാമ്പിളായി ആവശ്യമാണെന്ന് ലബോറട്ടറികള്‍ വകുപ്പിനെ അറിയിച്ചു. കാലിബ്രേഷന്‍ മാനദണ്ഡങ്ങളും ഗ്രാഫുകളും തയ്യാറാക്കാന്‍ ശുദ്ധമായ പെട്രോള്‍ അനിവാര്യമാണ്. ഇവ ലഭ്യമല്ലാത്ത പക്ഷം, ലബോറട്ടറികള്‍ക്ക് ഉപകരണങ്ങള്‍ കാലിബ്രേറ്റ് ചെയ്യാനോ, ശേഖരിച്ച സാമ്പിളുകളെ ഒരു അടിസ്ഥാന മാനദണ്ഡവുമായി താരതമ്യം ചെയ്യാനോ സാധിക്കില്ല.

ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ അനുശാസിക്കുന്ന, 150 മില്ലിലിറ്റര്‍ ഗ്ലാസ് സിലിണ്ടര്‍ ഉപയോഗിച്ചുള്ള വോളിയം-ബേസ്ഡ് രീതി പിന്തുടരാന്‍ ലബോറട്ടറികള്‍ നിര്‍ദ്ദേശിച്ചു. ഈ രീതിയിലൂടെ ലഭിക്കുന്ന ഫലങ്ങള്‍, ഭാവിയില്‍ വിഷയം കോടതിയുടെ പരിഗണനയ്ക്ക് വന്നാല്‍ നിര്‍ണായക തെളിവായിരിക്കുമെന്ന് ലബോറട്ടറി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം തുടങ്ങിയ എണ്ണക്കമ്പനികള്‍ മാത്രമാണ് ശുദ്ധമായ പെട്രോള്‍ സാമ്പിളുകള്‍ ലഭിക്കാവുന്ന ഏക സ്രോതസ്സുകളെന്ന് അനൂപ് ജേക്കബ് പറഞ്ഞു. ഈ കമ്പനികള്‍ ആദ്യം സാമ്പിളുകള്‍ നല്‍കാന്‍ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്മാറി. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടിട്ടും സാമ്പിളുകള്‍ ലഭിച്ചില്ല എന്നാണ് മന്ത്രി പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments