Wednesday, November 25, 2026
HomeGulfറിയാദ് സാമ്പത്തിക കേന്ദ്രത്തിലെ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം: ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

റിയാദ് സാമ്പത്തിക കേന്ദ്രത്തിലെ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം: ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ സാമ്പത്തിക കേന്ദ്രത്തിലെ കെട്ടിടത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. നവംബർ 24 ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. രണ്ട് സൗദി പൗരന്മാർ, രണ്ട് ഇന്ത്യക്കാർ, മൂന്ന് നേപ്പാൾ സ്വദേശികൾ, നാല് ഈജിപ്ത് സ്വദേശികൾ എന്നിവർക്കാണ് പരിക്കേറ്റതെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ റിയാദിലെ സാമ്പത്തിക കേന്ദ്രത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ആസ്ഥാനമായ ടവറിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ. കെട്ടിടത്തിന്റെ മധ്യഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതിന്റെ ചിത്രങ്ങളും സിവിൽ ഡിഫൻസ് പുറത്തുവിട്ടു.

ആക്രമണസമയത്ത് പ്രദേശത്തുണ്ടായിരുന്ന കാൽനടയാത്രക്കാർക്ക് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തകരും സുരക്ഷാ സംവിധാനങ്ങളും സ്ഥലത്തെത്തി. സാധാരണക്കാരെയും പൊതുസ്ഥലങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. പരിക്കേറ്റ ഇന്ത്യക്കാർക്കും കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് റിയാദിലെ ഇന്ത്യൻ എംബസിയും അറിയിച്ചു.

ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ-ബുദൈവി ശക്തമായി അപലപിച്ചു. സൗദിയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ജിസിസി രാജ്യങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും നിരപരാധികളുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ നിലപാട് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഎഇ, ഖത്തർ, കുവൈത്ത്, ലെബനൻ, അമേരിക്ക, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു. സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഒപ്പമുണ്ടെന്ന് യുഎഇ വ്യക്തമാക്കി. സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ആക്രമണമെന്ന് ഖത്തർ പ്രതികരിച്ചു. സാമ്പത്തിക കേന്ദ്രങ്ങൾക്കും സാധാരണക്കാർക്കും നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഗുരുതരമായ അപകടമാണെന്ന് കുവൈത്തും മുന്നറിയിപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments