റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ സാമ്പത്തിക മേഖലയെ ലക്ഷ്യമിട്ട് ഹൂതി മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ ആളപായമില്ലെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. എക്‌സില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ആക്രമണത്തെക്കുറിച്ച് സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചത്. കെട്ടിടത്തിന് ഭൗതിക നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കെട്ടിടത്തിന്റെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുറത്തുവിട്ട ചിത്രം പിഐഎഫ് ടവറിന്റേതാണെന്നാണ് സൂചന.സൗദി അറേബ്യയുടെ പരമാധികാര നിക്ഷേപ ഫണ്ടിന്റെ ആസ്ഥാനവും 80 നിലകളുള്ള ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആക്രമണത്തിന് പിന്നാലെ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായി ദൃക്‌സാക്ഷികളും എഎഫ്പിയോട് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ റിയാദില്‍ ശക്തമായ സ്‌ഫോടനശബ്ദം കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ നഗരത്തില്‍ അപകടസാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സിവില്‍ ഡിഫന്‍സ് പുറപ്പെടുവിച്ചു. ഏതാനും മിനിറ്റുകള്‍ക്കുശേഷം ഭീഷണി ഒഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
റിയാദിന് നേരെ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും ഭീഷണി നേരിട്ടതായും സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം വ്യക്തമാക്കി. മിസൈല്‍ ഭീഷണി പ്രതിരോധിച്ചതായും സൈനിക സഖ്യം അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതാകാം കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് സഖ്യവക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. നാശനഷ്ടങ്ങളുടെ കൃത്യമായ വ്യാപ്തി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

