Friday, November 20, 2026
HomeNewsസ്വർണ്ണ വ്യാപാരത്തിലും തട്ടിപ്പുകൾ; തൂക്കം കൂട്ടാൻ റീനിയം ലോഹ പൊടി ചേർക്കുന്നു

സ്വർണ്ണ വ്യാപാരത്തിലും തട്ടിപ്പുകൾ; തൂക്കം കൂട്ടാൻ റീനിയം ലോഹ പൊടി ചേർക്കുന്നു

സ്വർണം വാങ്ങുന്നവർ ജാഗ്രതൈ! സ്വർണത്തിന്റെ തൂക്കം കൂട്ടാൻ മറ്റൊരു ലോഹത്തിന്റെ പൊടി ചേർത്ത് തട്ടിപ്പ് നടത്തുന്നതായുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നു.റീനിയം (Rhenium) എന്ന ലോഹത്തിന്റെ പൊടിയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നാണ് ദിനിക് ഭാസ്‌കറിന്റെ അന്വേഷണ റിപ്പോർട്ട്. ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് ഈ പൊടി എത്തുന്നതായും റിപ്പോർട്ടില്‍ പറയുന്നു. സ്വർണത്തില്‍ 25 ശതമാനം വരെ റീനിയം ചേർത്താലും സാധാരണ പരിശോധനകളില്‍ ഇത് കണ്ടെത്താനാകില്ലെന്ന് ചൈനീസ് ഏജന്റ് അവകാശപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.

ഇത് എങ്ങനെയാണ് തട്ടിപ്പിന് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാൻ നടത്തിയ പരീക്ഷണവും ഞെട്ടിക്കുന്നതാണ്. ഒരു ഗ്രാം റീനിയം പൊടി 7.83 ഗ്രാം 24 കാരറ്റ് സ്വർണത്തില്‍ ചേർത്തു. ഇതോടെ ആകെ തൂക്കം 8.83 ഗ്രാമായി. എന്നാല്‍ പരിശോധനയില്‍ ഈ മിശ്രിതം 24 കാരറ്റ് സ്വർണമാണെന്ന ഫലമാണ് ലഭിച്ചത്. അതായത് സ്വർണമല്ലാത്ത ഒരു ലോഹം ചേർത്ത് തൂക്കം വർധിപ്പിച്ചിട്ടും പരിശോധനയില്‍ അത് കണ്ടെത്താനായില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

പിന്നീട് ഈ മിശ്രിതത്തില്‍ മറ്റൊരു ലോഹം കൂടി ചേർത്ത് 22 കാരറ്റ് ആഭരണം നിർമിച്ചു. ഹാള്‍മാർക്കിങ് കേന്ദ്രത്തില്‍ പരിശോധിച്ചപ്പോള്‍ 22 കാരറ്റ് സ്വർണമെന്ന സർട്ടിഫിക്കേഷനും ലഭിച്ചു. എന്നാല്‍ യഥാർഥത്തില്‍ ആഭരണത്തിലുണ്ടായിരുന്നത് 81.73 ശതമാനം സ്വർണം മാത്രമായിരുന്നു. അതായത് ഏകദേശം 20 കാരറ്റ് പരിശുദ്ധി മാത്രം. മറ്റ് ജ്വല്ലറികളിലും പരിശോധനാ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനകളിലും ആഭരണം യഥാർഥ സ്വർണമാണെന്ന ഫലം ലഭിച്ചതായി അന്വേഷണ റിപ്പോർട്ട് അവകാശപ്പെടുന്നു.

റീനിയം മാത്രമല്ല, റുഥീനിയം, ഇറിഡിയം, ഓസ്മിയം തുടങ്ങിയ ലോഹങ്ങളും സ്വർണത്തില്‍ ചേർക്കുന്നതായി വ്യാപാരികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഇൻഡോറിലെ സ്വർണവ്യാപാരികളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്വർണത്തേക്കാള്‍ ഉയർന്ന സാന്ദ്രതയുള്ള ഈ ലോഹങ്ങള്‍ ചേർത്താല്‍ ആഭരണത്തിന്റെ തൂക്കം കൂടും. സാധാരണ ആസിഡ് പരിശോധനകളിലും കല്ലില്‍ ഉരച്ച്‌ നടത്തുന്ന പരിശോധനകളിലും ഇത്തരം മായം കണ്ടെത്താൻ പ്രയാസമുണ്ടാകാമെന്നും റിപ്പോർട്ടില്‍ പറയുന്നു.

സ്വർണം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ഈ റിപ്പോർട്ടുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. വിശ്വസനീയമായ സ്ഥാപനങ്ങളില്‍നിന്ന് മാത്രം ആഭരണങ്ങള്‍ വാങ്ങുക. ഹാള്‍മാർക്കിലെ വിവരങ്ങള്‍ പരിശോധിക്കുകയും കൃത്യമായ ബില്ലും ജിഎസ്ടി ഇൻവോയ്സും വാങ്ങുകയും വേണം. സംശയമുള്ള ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാൻ എക്സ്-റേ ഫ്ലൂറസൻസ് (XRF) പോലുള്ള ആധുനിക പരിശോധനകളും സഹായിക്കും. ഹാള്‍മാർക്ക് ഉണ്ടെന്നതുകൊണ്ടു മാത്രം സ്വർണത്തിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ഒഴിവാക്കാനാകില്ലെന്ന ആശങ്കയാണ് പുതിയ റിപ്പോർട്ട് ഉയർത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments