Friday, November 20, 2026
HomeIndiaആദായ നികുതി പരിധി 12 ലക്ഷമാക്കി: ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചോ?; തൊഴിൽ അവസരങ്ങൾ നൽകിയോ?: കോർപ്പറേറ്റ്...

ആദായ നികുതി പരിധി 12 ലക്ഷമാക്കി: ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചോ?; തൊഴിൽ അവസരങ്ങൾ നൽകിയോ?: കോർപ്പറേറ്റ് മേഖലയോട് ചോദ്യങ്ങളുമായി പ്രധാനമന്ത്രി

ആദായനികുതിയിലും കോർപ്പറേറ്റ് നികുതിയിലും കേന്ദ്ര സർക്കാർ വൻ ഇളവുകള്‍ നല്‍കിയിട്ടും ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാനോ കൂടുതല്‍ പേർക്ക് തൊഴില്‍ നല്‍കാനോ കോർപ്പറേറ്റ് മേഖല തയ്യാറാകുന്നുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി – FICCI) ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രാജ്യത്തെ പ്രമുഖ വ്യവസായ പ്രമുഖരെ വേദിയിലിരുത്തി പ്രധാനമന്ത്രി ഈ നിർണ്ണായക ചോദ്യം ഉന്നയിച്ചത്. സർക്കാർ നല്‍കുന്ന നികുതി ഇളവുകളുടെ പ്രയോജനം സാധാരണക്കാരായ ജീവനക്കാരിലേക്ക് കൂടി എത്തുന്നുണ്ടെന്ന് വ്യവസായ ലോകം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2014-ല്‍ അടിസ്ഥാന കോർപ്പറേറ്റ് നികുതി നിരക്ക് 30 ശതമാനമായിരുന്നു. അത് ഞങ്ങള്‍ 22 ശതമാനമായി കുറച്ചു. ഇന്ന് ഇന്ത്യയില്‍ 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ആദായനികുതി നല്‍കേണ്ടതില്ല. 12 ലക്ഷം രൂപ വരെയുള്ള നികുതി ഞാൻ ഒഴിവാക്കിത്തന്നു, പക്ഷേ നിങ്ങള്‍ ജീവനക്കാരുടെ ശമ്പളം കൂട്ടുകയോ കൂടുതല്‍ പേരെ ജോലിക്കെടുക്കുകയോ ചെയ്തോ? ‘മോദിജി നിങ്ങള്‍ ചെയ്തോളൂ, ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാം’ എന്ന രീതിയിലാണോ കാര്യങ്ങള്‍ മുന്നോട്ട് പോകേണ്ടത്?’ – പ്രധാനമന്ത്രി ചോദിച്ചു. സദസ്സില്‍ ചിരി പടർത്തിയെങ്കിലും വ്യവസായ പ്രമുഖർക്കുള്ള കൃത്യമായ ഓർമ്മപ്പെടുത്തലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

വ്യവസായ പ്രമുഖരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലുമാണ് ആദായനികുതിയില്‍ ഇത്രയും വലിയൊരു ഇളവ് നല്‍കാൻ സർക്കാർ ധൈര്യം കാണിച്ചതെന്ന് മോദി വ്യക്തമാക്കി. ഇതിനുപുറമെ പല ഉല്‍പ്പന്നങ്ങളുടെയും ജി.എസ്.ടി നിരക്കുകള്‍ കുറച്ചതും വിപണിയില്‍ ആവശ്യകത വർദ്ധിപ്പിച്ചു. ഈ നടപടികള്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷി (purchasing power) ഗണ്യമായി വർദ്ധിപ്പിച്ചതായും, ഇതിന്റെ നേരിട്ടുള്ള ഗുണം ലഭിക്കുന്നത് വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ഇത്തരം ക്രിയാത്മകമായ ഇടപെടലുകളെ വ്യവസായ സമൂഹം അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നികുതിദായകരുടെ പണം അനാവശ്യമായി സർക്കാരില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ആദായനികുതി റിട്ടേണ്‍ ഫയലിങ്, റീഫണ്ട് നടപടികള്‍ എന്നിവ പൂർണ്ണമായും ലഘൂകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ‘പണ്ട് നികുതി സംബന്ധമായ ഒരു കത്ത് വരാൻ തന്നെ എട്ട് മാസത്തോളം എടുത്തിരുന്നത് നിങ്ങള്‍ ഓർക്കുന്നുണ്ടാകും. എന്നാല്‍ ഇന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ റിട്ടേണ്‍ പ്രോസസ്സ് ചെയ്ത് റീഫണ്ട് ലഭിക്കുന്നില്ലേ?’ എന്നും മോദി ചോദിച്ചു. ദീർഘകാല നിക്ഷേപ തീരുമാനങ്ങളില്‍ ‘ഇന്ത്യ ഫസ്റ്റ്’ എന്ന നയത്തിന് മുൻഗണന നല്‍കണമെന്നും, ആഭ്യന്തര വിപണിയില്‍ മാത്രം ഒതുങ്ങാതെ ആഗോള വിപണിയില്‍ മത്സരിക്കാൻ ഇന്ത്യൻ കമ്പനികള്‍ സജ്ജമാകണമെന്നും ‘ഭാരത് 2047’ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments