Thursday, November 19, 2026
HomeNewsഅരിയിൽ ഷുക്കൂർ വധക്കേസ്; ഇന്ന് വിധി, സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും അടക്കം...

അരിയിൽ ഷുക്കൂർ വധക്കേസ്; ഇന്ന് വിധി, സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും അടക്കം 31 പ്രതികൾ: പ്രതികരണവുമായി മന്ത്രി കെ എം ഷാജി

കോഴിക്കോട് : അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെ എം ഷാജി. പി ജയരാജനും ടി വി രാജേഷും ഗൂഢാലോചന നടത്തിയെന്ന് നൂറുശതമാനം ഉറപ്പാണ്. വിധിയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പല സാക്ഷികളെയും സിപിഎം ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എല്ലാ സാക്ഷികളെയും കൊണ്ടുവരാൻ തീവ്രശ്രമം നടത്തിയിട്ടുണ്ടെന്നും കെ എം ഷാജി വ്യക്തമാക്കി.

എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൻ അബ്ദുൾ ഷുക്കൂർ (23) വധക്കേസിൽ കൊച്ചിയിലെ സിബിഐ കോടതി ഇന്ന് വിധി പറയാനിരിക്കെ ആണ് കെ എം ഷാജിയുടെ പ്രതികരണം. സിപിഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് ഉൾപ്പെടെ 31 പ്രതികളാണ് കേസിൽ ഉള്ളത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ ആക്രമണം ഉണ്ടായതിൻ്റെ പ്രതികാരമായി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ മുറിയിൽവെച്ച് പി ജയരാജനും ടി വി രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

അരിയിൻ ഷുക്കൂർ വധം 2012 മാർച്ച് 20നായിരുന്നു കേസിനാസ്പദമായ സംഭവം. തളിപ്പറമ്പിലെ അരിയിൽ ഗ്രാമത്തിൽ വെച്ച് പി ജയരാജൻ, ടി വി രാജേഷ് എന്നിവർ സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ആക്രമണത്തിന് പിന്നിൽ എംഎസ്എഫ് പ്രവർത്തകരാണെന്നാണ് ആരോപണം. ഇതോടെ പലയിടത്തായി സിപിഎം പ്രവർത്തകർ സംഘടിച്ചു. സംഭവം അറിയാതെ നടന്നുവരികയായിരുന്നു ഷുക്കൂറും നാല് സുഹൃത്തുക്കളും. സിപിഎം പ്രവർത്തകർ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ ഇവർ കീഴറയിലെ ലീഗ് പ്രവർത്തകനായ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടി. തുടർന്ന് ഇവരെ സിപിഎം പ്രവർത്തകർ വീട് വളഞ്ഞ് തടവിലാക്കി.

രണ്ട് മണിക്കൂറോളം നേരം തടഞ്ഞുവെച്ച ശേഷം ഷുക്കൂറിനെയും സുഹൃത്തുക്കളെയും കീഴറയിലെ പാടശേഖരത്ത് എത്തിക്കുകയും മർദിക്കുകയും ചെയ്തു. അതിനിടെ, മൂന്നുപേർ ഓടിരക്ഷപ്പെട്ടതോടെ ഷുക്കൂറും സുഹൃത്ത് സക്കരിയയും മാത്രമായി. പ്രതികൾ ആദ്യം വെട്ടിപ്പരിക്കേൽപ്പിച്ച സക്കറിയ ഓടിരക്ഷപ്പെടുകയും പൊലീസിൽ അഭയം തേടുകയും ചെയ്തു. തുടർന്ന് പൊലീസ് ഷുക്കൂറിനായുള്ള തെരച്ചിൽ നടത്തുന്നതിനിടെ വൈകുന്നേരം നാലരയോടെ പാശേഖരത്ത് ചോര വാർന്ന നിലയിൽ കണ്ടെത്തി. ഉടൻ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments