ഷിക്കാഗോ : അമേരിക്കയിലെ ഇല്ലിനോയിസിലുള്ള ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരനെതിരെ ഭീകരവാദ കുറ്റവും ആയുധമേന്തിയുള്ള അക്രമക്കുറ്റവും ചുമത്തി ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചു. പാലറ്റൈൻ സ്വദേശിയായ അലക്സാണ്ട്രോസ് പപ്പോറാക്കിസിനെതിരെയാണ് ഗുരുതരമായ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.
നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസമായ ഒക്ടോബർ 11-ന് ഇല്ലിനോയിസിലെ അറോറയിലുള്ള ഹിന്ദു ക്ഷേത്രത്തിന് നേരെയാണ് ഇയാൾ ആക്രമണത്തിന് പദ്ധതിയിട്ടത്. “ഇന്ത്യക്കാരെ കൊല്ലാൻ” താൻ പദ്ധതിയിടുന്നതായി ഇയാൾ ജോലി ചെയ്തിരുന്ന ‘ടാക്കോ ബെല്ലിലെ’ സഹപ്രവർത്തകരോട് വെളിപ്പെടുത്തിയിരുന്നു. സഹപ്രവർത്തകർ ഉടൻതന്നെ വിവരം പൊലീസിനെ അറിയിച്ചതിനെത്തുടർന്ന് അന്ന് ഉച്ചയോടെ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലോഡ് ചെയ്ത തോക്കുമായി ക്ഷേത്രത്തിന്റെ പാർക്കിംഗ് സ്ഥലത്ത് എത്തിയ പ്രതി ഒരാൾക്ക് നേരെ തോക്ക് ചൂണ്ടി വെടിയുതിർക്കാൻ ശ്രമിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ തോക്ക് തകരാറിലായതിനാൽ ഇയാൾക്ക് പിന്മാറേണ്ടി വന്നു. തോക്ക് നന്നാക്കി വീണ്ടും ആക്രമണം നടത്തുമെന്ന് ഇയാൾ സഹപ്രവർത്തകനോട് പറഞ്ഞിരുന്നതായും അധികൃതർ വ്യക്തമാക്കുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ റൈഫിൾ, വെടിയുണ്ടകൾ, ടാക്റ്റിക്കൽ വെസ്റ്റ്, വെള്ളക്കാരുടെ മേധാവിത്വ തീവ്രവാദവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളുള്ള പാച്ച് എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു.
ഇന്ത്യക്കാരെ അമേരിക്കയിലേക്ക് കുടിയേറുന്നതിൽ നിന്ന് ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ആക്രമണത്തിന് ലക്ഷ്യമിട്ടതെന്ന് പ്രതി എഴുതിവച്ച കുറിപ്പുകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. നവംബർ അഞ്ചിനാണ് ഇയാൾക്കെതിരെ ആറ് ഭീകരവാദ കുറ്റങ്ങളും, ആയുധം കൈവശം വച്ചതടക്കമുള്ള മറ്റ് കുറ്റങ്ങളും ചുമത്തി കുറ്റപത്രം സമർപ്പിച്ചത്.
സംഭവത്തെത്തുടർന്ന് ഷിക്കാഗോയിലെ ഹിന്ദു സമൂഹവും ദക്ഷിണേഷ്യൻ നേതാക്കളും കടുത്ത ആശങ്ക രേഖപ്പെടുത്തി. ആക്രമണത്തിന് ലക്ഷ്യമിട്ട ദിവസം ക്ഷേത്രത്തിലുണ്ടായിരുന്ന യു.എസ്. ജനപ്രതിനിധി രാജ കൃഷ്ണമൂർത്തി, പ്രതിക്കെതിരെ വിദ്വേഷ കുറ്റം കൂടി ചുമത്തണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. സമൂഹത്തിന് ഭീഷണിയാണെന്ന് വിലയിരുത്തി കോടതി റിമാൻഡ് ചെയ്ത പ്രതിയെ വ്യാഴാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. അതേസമയം, കുറ്റങ്ങൾ നിഷേധിക്കാനാണ് തീരുമാനമെന്ന് പ്രതിയുടെ അഭിഭാഷകൻ അറിയിച്ചു.

