മയാമി: സൗത്ത് ഫ്ലോറിഡയിൽ ആഞ്ഞടിച്ച പേമാരിയിലും പ്രളയത്തിലും വ്യാപക നാശനഷ്ടം. കനത്ത മഴയെ തുടർന്ന് ഹോളിവുഡ് നഗരത്തിലെ ടെമ്പിൾ സിനായിയുടെ (യഹൂദ ദേവാലയം) മേൽക്കൂര തകർന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സ്ഥിതിഗതികൾ രൂക്ഷമായതോടെ ഹോളിവുഡ് നഗര മേയർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു.
മന്ദഗതിയിൽ നീങ്ങുന്ന കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിൽ പ്രദേശത്തെ റോഡുകളെല്ലാം വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. കനത്ത വെള്ളക്കെട്ടിനെ തുടർന്ന് ഇന്റർസ്റ്റേറ്റ് 95, ഫ്ലോറിഡ ടേൺപൈക്ക് എന്നീ പ്രധാന പാതകളുടെ വിവിധ ഭാഗങ്ങൾ അടച്ചു. ബുധനാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളിൽ ബ്രോവാർഡ് കൗണ്ടിയുടെ പല ഭാഗങ്ങളിലും 12 ഇഞ്ച് (30.5 സെന്റീമീറ്റർ) വരെ മഴ ലഭിച്ചതായി നാഷണൽ വെതർ സർവീസ് അറിയിച്ചു. ഹോളിവുഡ് മേഖലയിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചത് സാധാരണ മൂന്ന് നവംബർ മാസങ്ങളിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴയാണ്.
സഹായം അഭ്യർത്ഥിച്ച് രാത്രി 11-നും പുലർച്ചെ 4-നും ഇടയിൽ 300-ലധികം കോളുകളാണ് ഹോളിവുഡ് പൊലീസിന് ലഭിച്ചത്. ദുരിതബാധിത മേഖലകളിൽ പ്രത്യേക രക്ഷാപ്രവർത്തന വാഹനങ്ങൾ ഉപയോഗിച്ചാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. ‘എൽ നിനോ’ പ്രതിഭാസം ഫ്ലോറിഡയിലെ സാധാരണ വരണ്ട കാലാവസ്ഥയെ തടസ്സപ്പെടുത്തിയതാണ് അപ്രതീക്ഷിത പേമാരിക്ക് കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.
വെള്ളിയാഴ്ച വരെ ഫ്ലോറിഡയുടെ അറ്റ്ലാന്റിക് തീരത്ത് കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വടക്കൻ ഫ്ലോറിഡയിലെ സെന്റ് ജോൺസ് നദീതീരങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ, വടക്കൻ ബഹാമസിന് സമീപം രൂപപ്പെടുന്ന ന്യൂനമർദ്ദം വരും ദിവസങ്ങളിൽ ശക്തമായ കൊടുങ്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നാഷണൽ ഹരിക്കേൻ സെന്റർ അറിയിച്ചു.

