ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ (തമിഴക വെട്രി കഴകം) ആദ്യ സംസ്ഥാന സമ്മേളനം നാളെ വില്ലുപുരം വിക്രവാണ്ടിയിൽ നടക്കും. പാർട്ടിയുടെ നയങ്ങൾ, ആദർശങ്ങൾ, ലക്ഷ്യങ്ങൾ എന്നിവ വിശദമാക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്ന സമ്മേളനത്തെ തമിഴക രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധാപൂർവമാണ് കാണുന്നത്. സമ്മേളനം വലിയ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് വിജയുടെ അനുയായികൾ.
ഗർഭിണികളും വിദ്യാർഥികളും രോഗബാധിതരും പങ്കെടുക്കേണ്ടതില്ലെന്നും വീട്ടിൽ സുരക്ഷിതമായി ഇരുന്ന് ടി.വിയിൽ സമ്മേളനം കണ്ടാൽ മതിയെന്നും വിജയ് അഭ്യർഥിച്ചിട്ടുണ്ട്. ഒട്ടേറെപ്പേരെത്തുന്ന യോഗത്തിനിടയിൽ ശാരീരിക അസ്വാസ്ഥ്യമുണ്ടാകാൻ സാധ്യതയുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും താരത്തിന്‍റെ നിർദേശമുണ്ട്.
സമ്മേളനത്തിനെത്തുന്നവർ മദ്യപിക്കരുത്, വനിതകൾക്ക് സുരക്ഷയും മതിയായ സൗകര്യങ്ങളും ഒരുക്കണം, ഇരുചക്രവാഹനങ്ങളിലെത്തുന്നവർ ബൈക്ക് സ്റ്റണ്ട് നടത്തരുത് തുടങ്ങിയ നിർദേശങ്ങളുമുണ്ട്. പാർട്ടിയുടെ ഭാരവാഹികളെയും കർമപദ്ധതിയും സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഫെബ്രുവരി രണ്ടിനായിരുന്നു വിജയ് പാർട്ടി പ്രഖ്യാപനം നടത്തിയത്. പതാകയും പാർട്ടി ഗാനവും ആഗസ്റ്റ് 22ന് പുറത്തിറക്കി. തമിഴകത്തെ മറ്റ് രാഷ്ട്രീയ പാർട്ടികൾ വിജയുടെ നിലപാട് എന്താണെന്ന് ഉറ്റുനോക്കുകയാണ്. തമിഴക വെട്രി കഴകത്തെ നേരത്തെ എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് ക്ഷണിച്ചിരുന്നു. 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് തമിഴക വെട്രി കഴകം നീക്കങ്ങൾ സജീവമാക്കുന്നതെന്നാണ് വിലയിരുത്തൽ.