ടെഹ്‌റാൻ: ഇറാനിൽ സുന്നി ഭീകരരെന്ന് സംശയിക്കുന്ന സംഘം നടത്തിയ ആക്രമണത്തിൽ പത്ത് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. തെക്കൻ പ്രവിശ്യയായ സിസ്താൻ- ബാലുചെസ്ഥാൻ മേഖലയിൽ ശനിയാഴ്ച നടന്ന ആക്രമണത്തിലാണ് ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്.
അതിർത്തി കാവൽക്കാരായ ഇറാനിയൻ പട്ടാളക്കാരുടെ സംഘത്തിന്റെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 1,200 കിലോമീറ്റർ തെക്കുകിഴക്കായി ഗോഹർ കുഹിൽ വച്ചാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ഇറാനെതിരെ ഇസ്രായേൽ നടത്തിയ സൈനിക നടപടിക്ക് പിന്നാലെയാണ് ഭീകരാക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് ശക്തമായ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫ് തന്നെയാണ് അറിയിച്ചിരുന്നത്. ഒക്ടോബർ ഒന്നിന് ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയാണിതെന്നാണ് വിവരം.