ഇറാനിൽ വ്യാപകമായി നിർമിച്ചിട്ടുള്ള അണക്കെട്ടുകൾക്കും ജലവിതരണ പദ്ധതികൾക്കും പിന്നിൽ സൈനിക ലക്ഷ്യങ്ങളുണ്ടോ? അമേരിക്കയും ഇസ്രയേലും നടത്തിയ വ്യോമാക്രമണങ്ങളിൽ രഹസ്യ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതോടെ ഈ ചോദ്യം വീണ്ടും ചർച്ചയാകുകയാണ്. സൈനിക ആവശ്യങ്ങൾക്കായി ഭൂഗർഭ മിസൈൽ താവളങ്ങൾക്ക് വെള്ളവും വൈദ്യുതിയും ഉറപ്പാക്കാനാണ് ചില ജലപദ്ധതികൾ നിർമിച്ചതെന്ന സംശയമാണ് വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇതിന് വ്യക്തമായ തെളിവുകൾ ഇതുവരെ കിട്ടിയിട്ടില്ല.
ജർമനിയിലെ ഹാംബർഗ് സാങ്കേതിക സർവകലാശാലയിലെ ജലസുരക്ഷാ വിദഗ്ധനായ നിമ ഷോക്രിയും സംഘവും ഇറാനിലെ 533ൽ ഏറെ അണക്കെട്ടുകളെക്കുറിച്ച് പഠനം നടത്തിയിരുന്നു. വ്യക്തമായ കാർഷിക-സാമ്പത്തിക ആവശ്യങ്ങളില്ലാത്ത പ്രദേശങ്ങളിൽപ്പോലും വലിയ ജലപദ്ധതികൾ നിർമിച്ചിട്ടുണ്ട്. ഇതിന്റെ കാരണം പരിസ്ഥിതി ഗവേഷകരെ ദീർഘകാലമായി അമ്പരപ്പിക്കുകയാണ്. ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളുടെ ഭൂപടം അണക്കെട്ടുകളുടെ സ്ഥാനങ്ങളുമായി താരതമ്യം ചെയ്തപ്പോഴാണ് ശ്രദ്ധേയസാമ്യം കണ്ടെത്തിയത്
അണക്കെട്ടുകൾക്കു സമീപം മിസൈൽ കേന്ദ്രങ്ങൾ സ്ഥാപിച്ചാൽ യുദ്ധസമയത്തും വെള്ളവും വൈദ്യുതിയും ഉറപ്പാക്കാം. രാജ്യത്തെ പൊതുവിതരണസംവിധാനങ്ങൾ തകരാറിലായാലും സൈനികകേന്ദ്രങ്ങൾക്ക് പ്രവർത്തനം തുടരാൻ ഇത് സഹായിക്കും. ഇറാനിലെ പർവതങ്ങൾക്കടിയിൽ നിർമിച്ചിട്ടുള്ള ഭൂഗർഭ സൈനികകേന്ദ്രങ്ങൾ ‘മിസൈൽ നഗരങ്ങൾ’ എന്നാണ് അറിയപ്പെടുന്നത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കാനും നിർമിക്കാനും വിക്ഷേപിക്കാനും കഴിയുന്ന ഇത്തരം മുപ്പതിലേറെ കേന്ദ്രങ്ങൾ രാജ്യത്തുണ്ടെന്നാണ് കണക്ക്.
യാസ്‌ദിലേക്കുള്ള സാഗ്രോസ് മലനിരകളിൽനിന്നുള്ള ജലവിതരണ പദ്ധതിയും സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ചില ഗവേഷകർ സംശയിക്കുന്നു. എന്നാൽ അണക്കെട്ടുകളുടെ നിർമാണവും മിസൈൽ ശൃംഖലയും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളോ സ്ഥിരീകരണമോ ലഭിച്ചിട്ടില്ല. ഇറാൻ അധികൃതരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ജലസുരക്ഷ, പരിസ്ഥിതി സംരക്ഷണം, ദേശീയസുരക്ഷ എന്നിവ തമ്മിലുള്ള സങ്കീർണബന്ധത്തിലേക്കാണ് പുതിയ കണ്ടെത്തലുകൾ വിരൽചൂണ്ടുന്നത്.

