Tuesday, November 17, 2026
HomeUncategorizedഇന്ത്യന്‍ വാഹന വിപണിയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് റെക്കോര്‍ഡ് മുന്നേറ്റം

ഇന്ത്യന്‍ വാഹന വിപണിയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് റെക്കോര്‍ഡ് മുന്നേറ്റം

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായെങ്കിലും ഇന്ത്യന്‍ വാഹന വിപണിയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് റെക്കോര്‍ഡ് മുന്നേറ്റം. നവരാത്രി മുതലുള്ള 32 ദിവസത്തെ ഉത്സവകാലത്ത് ഇലക്ട്രിക് കാര്‍ വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 69% ആണ് വര്‍ധിച്ചത്. അതേസമയം, രാജ്യത്തെ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 7.2% ഇടിവുണ്ടായി.നവംബര്‍ 11ന് അവസാനിച്ച ഉത്സവകാലത്ത് 40,122 ഇലക്ട്രിക് കാറുകളാണ് ഉപയോക്താക്കള്‍ക്ക് കൈമാറിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3.8% ആയിരുന്ന ഇലക്ട്രിക് കാറുകളുടെ വിപണി വിഹിതം ഇത്തവണ 6.9% ആയി ഉയര്‍ന്നു

വിപണി ഇവി തരംഗത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞു. പെട്രോള്‍ കാറുകളുടെ വില്‍പ്പനയില്‍ 14.5% ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 3.52 ലക്ഷം പെട്രോള്‍ കാറുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഇത്തവണ വില്‍പ്പന 3.01 ലക്ഷമായി കുറഞ്ഞു.ഡീസല്‍ കാറുകളുടെ വില്‍പ്പന 6.8% കുറഞ്ഞപ്പോള്‍ സിഎന്‍ജി കാറുകളുടെ വില്‍പ്പനയില്‍ 2.4% ഇടിവുണ്ടായി. പെട്രോള്‍ കാറുകള്‍ തന്നെയാണ് വിപണിയില്‍ ഇപ്പോഴും മുന്നിലുള്ളത്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഉപയോക്താക്കളുടെ താല്‍പ്പര്യം വര്‍ധിക്കുന്നതിന്റെ സൂചനയാണ് പുതിയ കണക്കുകള്‍ നല്‍കുന്നത്.

ഇവി കാര്‍ വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ടാറ്റ മോട്ടോഴ്സ്. ഉത്സവകാലത്ത് കമ്പനിയുടെ ഇലക്ട്രിക് കാര്‍ വില്‍പ്പന 71% വര്‍ധിച്ച് 16,220 യൂണിറ്റിലെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 84% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 9,407 ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. ഇരു കമ്പനികളും ചേര്‍ന്ന് ഉത്സവകാലത്തെ മൊത്തം ഇലക്ട്രിക് കാര്‍ വില്‍പ്പനയുടെ ഏകദേശം 80% സ്വന്തമാക്കി.ഇലക്ട്രിക് കാറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് വാഹനങ്ങള്‍ വിതരണം ചെയ്യാന്‍ നിര്‍മാതാക്കള്‍ക്ക് കഴിയുന്നില്ലെന്നതാണ് വെല്ലുവിളി.ഇലക്ട്രിക് എസ്‌യുവികള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഉത്പാദനശേഷിയിലെ പ്രതിസന്ധി വെല്ലുവിളിയാണെന്നാണ് മഹീന്ദ്രയുടെ വിലയിരുത്തല്‍. പ്രതിമാസം 8,000 ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്. അടുത്ത ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളോടെ ഇത് 4,000 യൂണിറ്റ് കൂടി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments