Tuesday, November 17, 2026
HomeNewsബ്രേക്ക് തകരാർ ആയിട്ടും വന്ദേ ഭാരത്‌ ഓടിയത് 463 കിലോമീറ്റർ: ഗുരുതര സുരക്ഷാ വീഴ്ച ...

ബ്രേക്ക് തകരാർ ആയിട്ടും വന്ദേ ഭാരത്‌ ഓടിയത് 463 കിലോമീറ്റർ: ഗുരുതര സുരക്ഷാ വീഴ്ച അന്വേഷിക്കാൻ റെയിൽവേ

ന്യൂഡല്‍ഹി : ലോക്കോ പൈലറ്റുമാർ ആവർത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടും ബ്രേക്ക് തകരാർ പരിഹരിക്കാതെ വന്ദേഭാരത് ഓടിയത് 463 കിലോമീറ്റർ. ജാർഖണ്ഡിലെ ഹാട്ടിയയില്‍നിന്ന് ഉത്തർപ്രദേശിലെ ഝാൻസിയിലേക്ക് കൊണ്ടുപോയ വന്ദേഭാരതിലാണ് ഗുരുതര സുരക്ഷാവീഴ്ചയുണ്ടായത്.കോച്ചുകളിലെ ബ്രേക്കുകള്‍ പ്രവർത്തിക്കുന്നില്ലെന്ന് ലോക്കോ പൈലറ്റുമാർ അറിയിച്ചിട്ടും അധികൃതർ യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു. എൻജിന്റെ ബ്രേക്ക് മാത്രം ഉപയോഗിച്ചാണ് ട്രെയിൻ ഇത്രയും ദൂരം സഞ്ചരിച്ചത്. സംഭവത്തില്‍ ദക്ഷിണ പൂർവ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.

ചരക്കുതീവണ്ടിയുടെ എൻജിൻ ഉപയോഗിച്ചാണ് കോച്ചുകള്‍ വലിച്ചുകൊണ്ടുപോയത്. എൻജിന്റെയും വന്ദേഭാരത് കോച്ചുകളുടെയും ബ്രേക്കിങ് സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ ഇത് കൃത്യമായി നടപ്പാക്കിയില്ലെന്നാണ് റെയില്‍വേയുടെ പ്രാഥമിക കണ്ടെത്തല്‍.

ഹാട്ടിയയില്‍നിന്ന് പുറപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ ബ്രേക്കിങ് ശേഷി വളരെ കുറവാണെന്ന് ലോക്കോ പൈലറ്റ് കണ്ടെത്തി. റാഞ്ചി സ്റ്റേഷനിലെത്തിയപ്പോള്‍ സെക്ഷൻ കണ്‍ട്രോളർക്കും ട്രാക്ഷൻ ലോക്കോ കണ്‍ട്രോളർക്കും രേഖാമൂലം പരാതി നല്‍കി. എന്നാല്‍ തകരാർ പരിഹരിക്കാതെ ട്രെയിൻ യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു.

മുറി സ്റ്റേഷനില്‍നിന്ന് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്ത മറ്റൊരു ലോക്കോ പൈലറ്റും ബ്രേക്ക് തകരാർ അധികൃതരെ അറിയിച്ചു. ബ്രേക്ക് പൈപ്പിലെ മർദം കുറച്ചിട്ടും കോച്ചുകളിലെ ബ്രേക്കുകള്‍ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു മുന്നറിയിപ്പ്. എന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ല.

ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലുള്ള ദീൻ ദയാല്‍ ഉപാധ്യായ സ്റ്റേഷനിലെത്തിയപ്പോഴാണ് അധികൃതർ ട്രെയിൻ പരിശോധിച്ചത്. എല്ലാ കോച്ചുകളുടെയും ബ്രേക്കിങ് സംവിധാനം വേർപ്പെടുത്തിയ നിലയിലാണെന്ന് പരിശോധനയില്‍ കണ്ടെത്തി.

കോച്ചുകളിലെ ബ്രേക്കുകള്‍ പ്രവർത്തിക്കാതെയാണ് ട്രെയിൻ 463 കിലോമീറ്റർ സഞ്ചരിച്ചത്. എൻജിന്റെ ബ്രേക്കും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും മാത്രമാണ് യാത്രയില്‍ ഉപയോഗിച്ചത്.കോച്ചുകളുടെയും വാഗണുകളുടെയും അറ്റകുറ്റപ്പണികള്‍ക്ക് ചുമതലയുള്ള ജീവനക്കാർ, സെക്ഷൻ കണ്‍ട്രോളർമാർ, ട്രാക്ഷൻ കണ്‍ട്രോളർമാർ, ട്രെയിൻ ജീവനക്കാർ എന്നിവരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

മതിയായ ബ്രേക്കിങ് ശേഷിയില്ലാതെ ട്രെയിൻ ഓടിക്കുന്നത് ഗുരുതരമായ സുരക്ഷാഭീഷണിയാണെന്ന് ദക്ഷിണ പൂർവ റെയില്‍വേ വ്യക്തമാക്കി. ജീവനക്കാരുടെയും യാത്രക്കാരുടെയും ജീവന് ഭീഷണിയാകുന്ന വലിയ അപകടങ്ങള്‍ക്ക് ഇത്തരം വീഴ്ചകള്‍ കാരണമാകാമെന്നും റെയില്‍വേ ചൂണ്ടിക്കാട്ടി. നവംബർ ഏഴിന് പുറത്തിറക്കിയ ഉത്തരവിലാണ് റാഞ്ചി ഡിവിഷണല്‍ റെയില്‍വേ മാനേജറോട് വിശദമായ അന്വേഷണം നടത്താൻ നിർദേശിച്ചത്.സുരക്ഷാവീഴ്ചകള്‍ക്ക് ഉത്തരവാദികളായവരെ കണ്ടെത്താനും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനുമാണ് നിർദേശം. യാത്രക്കാരില്ലാത്ത ട്രെയിനായിരുന്നെങ്കിലും മറ്റു ട്രെയിനുകളുടെ സുരക്ഷയ്ക്കും സംഭവം ഭീഷണിയായിരുന്നുവെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments