Monday, November 16, 2026
HomeNewsയുഎസ് വിസ നിയന്ത്രണങ്ങൾ: മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാനാകുമോ?: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ...

യുഎസ് വിസ നിയന്ത്രണങ്ങൾ: മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാനാകുമോ?: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ആശങ്കയിൽ

യുഎസ് വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഈ വർഷത്തെ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാനാകുമോ എന്ന ആശങ്കയിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ. സിംബാബ്‌വെയുടെ പ്രതിനിധി റോസന്ന ഹാൾ ഉൾപ്പെടെയുള്ളവർക്ക് വിസ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. മിസ് യൂണിവേഴ്‌സിന്റെ 75-ാം പതിപ്പ് നവംബർ 24ന് പ്യൂർട്ടോ റിക്കോയിലാണ് നടക്കുന്നത്. സിംബാബ്‌വെയെ പ്രതിനിധീകരിക്കേണ്ട ഹാളിന് ഇതുവരെ യാത്രാ വിസ ലഭിച്ചിട്ടില്ല. വിസയ്ക്കായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ അവർ പറഞ്ഞു.

യുഎസ് യാത്രാ നിയന്ത്രണങ്ങൾ കാരണം തങ്ങളുടെ പ്രതിനിധി പമേല മുബാംഗയെ മത്സരത്തിൽനിന്ന് പിൻവലിച്ചതായി സാംബിയ അറിയിച്ചു. 25കാരിയായ മുബാംഗ ഒക്ടോബർ എട്ടിനാണ് മിസ് യൂണിവേഴ്‌സ് സാംബിയയായി തിരഞ്ഞെടുക്കപ്പെട്ടത്. നവംബർ എട്ടുമുതൽ മത്സരാർഥികൾ പ്യൂർട്ടോ റിക്കോയിൽ എത്തിത്തുടങ്ങിയിരുന്നു. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള പരിപാടികൾ ആരംഭിച്ചതോടെ വിസയ്ക്കായി കാത്തിരിക്കുന്ന ഹാൾ ഉൾപ്പെടെയുള്ളവരുടെ ആശങ്ക വർധിച്ചു. ദക്ഷിണ സുഡാന്റെ പ്രതിനിധിയും സമാന പ്രതിസന്ധി നേരിടുന്നുണ്ട്.

2026 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്ന യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം 10998 പ്രകാരം ഭാഗിക യാത്രാ നിയന്ത്രണങ്ങൾ നേരിടുന്ന 19 രാജ്യങ്ങളിൽ ഒന്നാണ് സിംബാബ്‌വെ. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് സന്ദർശക, വിദ്യാർഥി, എക്സ്ചേഞ്ച് വിസകൾ ഉൾപ്പെടെയുള്ളവ അനുവദിക്കുന്നതിന് നിയന്ത്രണമുണ്ട്. മുബാംഗയുടെ വിസാ പ്രതിസന്ധി വ്യക്തിപരമായ കാരണങ്ങളാലല്ലെന്നും സാംബിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളെ ബാധിക്കുന്ന യുഎസ് യാത്രാ നിയന്ത്രണങ്ങളാണ് കാരണമെന്നും മിസ് യൂണിവേഴ്‌സ് സാംബിയ സംഘടന വ്യക്തമാക്കി. മറ്റ് അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളും സമാന സാഹചര്യം നേരിടുന്നുണ്ടെന്നും സംഘടന അറിയിച്ചു.

താൻ മാത്രമല്ല, മറ്റ് ആഫ്രിക്കൻ മത്സരാർഥികളും ഇതേ പ്രതിസന്ധിയിലാണെന്ന് ഹാൾ പറഞ്ഞു. വിസയ്ക്കായി കഴിഞ്ഞ ഏതാനും ആഴ്ചകളായി ദക്ഷിണാഫ്രിക്കയിൽ തുടരുകയാണെന്നും അവർ വ്യക്തമാക്കി. മത്സരത്തിൽ പങ്കെടുക്കാനാകുമോ എന്നത് 50-50 സാധ്യത മാത്രമാണെന്ന് ദക്ഷിണ സുഡാന്റെ പ്രതിനിധിയും പ്രതികരിച്ചു. സാൻ ജുവാനിലെ ജോസ് മിഗ്വൽ അഗ്രലോട്ട് കൊളീസിയത്തിലാണ് മിസ് യൂണിവേഴ്‌സ് ഫൈനൽ നടക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments