Tuesday, November 10, 2026
HomeNewsമലയാളസിനിമയ്ക്ക് തീരാനഷ്ടം; പ്രശസ്ത കാമറാമാൻ ഷാജി കുമാര്‍ അന്തരിച്ചു

മലയാളസിനിമയ്ക്ക് തീരാനഷ്ടം; പ്രശസ്ത കാമറാമാൻ ഷാജി കുമാര്‍ അന്തരിച്ചു

വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ ഒപ്പിയെടുത്ത ആ മനുഷ്യൻ ഇനി ഓർമ്മകളില്‍ മാത്രം. മലയാള സിനിമയുടെ സൗന്ദര്യവും കാടിന്റെ വന്യതയും ആക്ഷന്റെ വിസ്മയങ്ങളും പ്രേക്ഷകരുടെ കണ്ണുകളിലേക്ക് പകർന്നു തന്ന പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) ഓർമ്മയായിരിക്കുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ പുലർച്ചെയോടെ അദ്ദേഹം വിട വാങ്ങിയപ്പോള്‍ ,മലയാള സിനിമാ ലോകത്തിന് ഒരു മികച്ച പ്രതിഭയെ മാത്രമല്ല, ലാളിത്യമുള്ള ഒരു നല്ല മനുഷ്യനെ കൂടിയാണ് കൈവിട്ടുപോയത്.മോഹൻലാല്‍ നായകനായ ‘പുലിമുരുകൻ’ എന്ന ചിത്രത്തിലൂടെ മലയാളിയുടെ സിനിമാ സങ്കല്‍പ്പങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ മാന്ത്രികനായിരുന്നു ഷാജി കുമാർ. കാടിന്റെ ഭയവും വന്യതയും ക്യാമറയിലൂടെ ഒപ്പിയെടുത്ത ആ ദൃശ്യവിസ്മയത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനവും ഉറക്കമില്ലാത്ത രാവുകളുമുണ്ടായിരുന്നു. തിയേറ്ററുകളില്‍ ആരവങ്ങളുയർത്തിയ ആ ചിത്രത്തിന്റെ ഓരോ ഫ്രെയിമും ഷാജി കുമാറിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു.

എന്നാല്‍, ആ വലിയ മാസ് സിനിമകള്‍ക്കപ്പുറം സാധാരണക്കാരന്റെ വികാരങ്ങളെ തൊട്ടറിഞ്ഞ ചിത്രങ്ങളും അദ്ദേഹത്തിന്റെ ക്യാമറയിലൂടെ പിറന്നു.’നരൻ’ എന്ന ചിത്രത്തിലെ മലയോര ഗ്രാമത്തിന്റെ പച്ചപ്പും, ‘ബാബ കല്യാണി’യും ‘മാടമ്പി’യും ‘രാമലീല’യും ‘ഒടിയനും’ തുടങ്ങി മലയാളികള്‍ നെഞ്ചിലേറ്റിയ എത്രയോ സിനിമകള്‍ക്ക് അദ്ദേഹം ജീവൻ നല്‍കി. മലയാളത്തിന് പുറമെ തമിഴിലും തന്റെ പ്രതിഭയുടെ കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

മോഹൻലാല്‍ ചിത്രങ്ങളായ പുലിമുരുകൻ, നരൻ, ഒടിയൻ ഉള്‍പ്പെടെ അമ്പതിലധികം സിനിമകള്‍ക്ക് അദ്ദേഹം ദൃശ്യങ്ങള്‍ പകർത്തിയിട്ടുണ്ട്. 2016-ല്‍ റിലീസ് ചെയ്ത് വലിയ ബോക്സ്‌ഓഫീസ് വിജയമായ ‘പുലിമുരുകനിലെ’ ചായാഗ്രഹണം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

റിലീസിനൊരുങ്ങുന്ന ‘അതിമനോഹരം’, ‘ഒറ്റക്കൊമ്പൻ’ തുടങ്ങിയ ചിത്രങ്ങളുടെയും ഛായാഗ്രാഹകൻ ഷാജി കുമാർ ആയിരുന്നു. മികച്ച മാസ് ചിത്രങ്ങളിലൂടെയും ആക്ഷൻ രംഗങ്ങളിലൂടെയും മലയാള പ്രേക്ഷകരുടെ മനസ് കീഴടക്കിയ പ്രതിഭയാണ് ഷാജി കുമാർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments