നിതേഷ് തീവാരിയുടെ ‘ രാവണനിൽ ‘ സീതയായി വേഷമിടുന്ന സായ് പല്ലവിക്കെതിരായ വിമർശനങ്ങളില്‍ പ്രതികരണവുമായി നടൻ ധനുഷ്. സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ സായ് പല്ലവിയേക്കാള്‍ അനുയോജ്യയായ മറ്റൊരു താരം രാജ്യത്തുതന്നെ ഉണ്ടാകില്ലെന്നാണ് ധനുഷിന്റെ അഭിപ്രായം. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഓം’ന്റെ പ്രീ-റിലീസ് ചടങ്ങിലായിരുന്നു ധനുഷിന്റെ പ്രതികരണം.
‘സീതയുടെ വേഷത്തില്‍ സായ് പല്ലവിയെ അവതരിപ്പിച്ചതിനെക്കുറിച്ച് നിരവധി വിമർശനങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. അതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നില്ല. ഷൂട്ടിങ്ങിനിടയിലെ ഇടവേളകളില്‍ പോലും അവർ പ്രാർഥിച്ചുകൊണ്ടിരിക്കുമായിരുന്നു. ദൈവത്തോട് അത്രയേറെ ഭക്തിയും ശുദ്ധമായ മനസ്സുമുള്ള വ്യക്തിയാണ് സായ്. അതീവസുന്ദരിയാണ്. ഗംഭീര അഭിനേത്രിയുമാണ്. ഇന്ത്യ മുഴുവൻ തിരഞ്ഞാലും സായ് പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’ എന്നായിരുന്നു ധനുഷിന്റെ വാക്കുകള്‍.
സായ് പല്ലവിക്കൊപ്പമുള്ള പഴയ അനുഭവങ്ങളും ചടങ്ങില്‍ ധനുഷ് പങ്കുവെച്ചു. ‘മാരി 2’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ആദ്യമായി സായ് പല്ലവിയെ പരിചയപ്പെടുന്നത്. അന്ന് വളരെ നിഷ്കളങ്കയും അധികം സംസാരിക്കാത്ത പ്രകൃതക്കാരിയുമായിരുന്നു താരമെന്നും ധനുഷ് പറഞ്ഞു. എന്നാല്‍ ഒൻപത് വർഷങ്ങള്‍ക്കുശേഷം ‘ഓം’ സിനിമയുടെ സെറ്റില്‍ വീണ്ടും കണ്ടപ്പോള്‍ സായ് പല്ലവിയില്‍ വലിയ മാറ്റമാണ് കണ്ടതെന്നും അഭിനയത്തിലും സംസാരത്തിലും ശരീരഭാഷയിലുമെല്ലാം ആത്മവിശ്വാസം പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

