ലഖ്നോ: ഉത്തർപ്രദേശിലെ എസ്.ഐ.ആറിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശത്തിന് പ്രതികരണവുമായി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. ‘ആ രണ്ടുപേരും താങ്കളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്’ എന്നായിരുന്നു കെജ്രിവാളിന്റെ മുന്നറിയിപ്പ്. മോദിയെയും അമിത്ഷായെയും പരോക്ഷമായി ലക്ഷ്യമിടുന്ന കുറിപ്പിൽ, ആ രണ്ടുപേർ പറയുന്നതുപോലെയാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നതെന്ന് താങ്കൾക്കും അറിയാമെന്നും കെജ്രിവാൾ പറഞ്ഞു.
എസ്.ഐ.ആറിനുശേഷം സംസ്ഥാനത്തെ വോട്ടർപട്ടികയിൽനിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടെന്നായിരുന്നു കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പറഞ്ഞത്. യോഗിയുടെ അഭിമുഖത്തിന്റെ വിഡിയോ പങ്കുവെച്ച കെജ്രിവാൾ, തെരഞ്ഞെടുപ്പ് കമീഷൻ രണ്ടുപേരുടെ നിർദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു. 2027ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് വിജയിക്കുമെന്ന് സൂചിപ്പിച്ച് കെജ്രിവാൾ അദ്ദേഹത്തിന് മുൻകൂർ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
‘മഹാരാജ് ജീ, ആ രണ്ടുപേർ പറയുന്നതുപോലെയാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നതെന്ന് താങ്കൾക്കും അറിയാം. ഞാൻ മുമ്പും താങ്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ആ രണ്ടുപേരും താങ്കളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അഖിലേഷ് ജിക്ക് മുൻകൂർ അഭിനന്ദനങ്ങൾ’ -കെജ്രിവാൾ എക്സിൽ കുറിച്ചു.ഇതിന് പ്രതികരണവുമായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും രംഗത്തെത്തി. ഒരു പാർട്ടിയുടെ മുൻ മുഖ്യമന്ത്രി മറ്റൊരു പാർട്ടിയുടെ ഭാവി മുഖ്യമന്ത്രിക്ക് മുൻകൂട്ടി അഭിനന്ദനം അറിയിക്കുന്നതിലൂടെ നിലവിലെ മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാർട്ടിക്കുള്ളിൽ നടക്കുന്ന ഗൂഢാലോചനയാണ് പുറത്തുവരുന്നതെന്ന് അഖിലേഷ് എക്സിൽ കുറിച്ചു. കെജ്രിവാൾ കറുത്ത കറുത്ത കണ്ണട മാറ്റി സുതാര്യമായ കണ്ണട ധരിച്ചാൽ ഒരുപക്ഷേ കാര്യങ്ങൾ വ്യക്തമായി കാണാൻ കഴിയുമെന്നും അഖിലേഷ് പരിഹസിച്ചു.
അതേസമയം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കുമെന്ന് സൂചന. പ്രചാരണ ചുമതല പ്രിയങ്കക്ക് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ സംഘടന ശാക്തീകരണ ചർച്ചകളിലും സഖ്യചർച്ചകളിലും നിർണ്ണായക റോളാണ് നിലവിൽ പ്രിയങ്ക വഹിക്കുന്നത്. അടുത്തയാഴ്ചയോടെ തുടങ്ങുന്ന ചർച്ചയും പ്രിയങ്ക നയിക്കുമെന്നാണ് സൂചനകൾ.

