വാഷിങ്ടൺ: ഇറാൻ യുദ്ധം ഫലത്തിൽ അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ആക്രമണം പുനരാരംഭിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. സൈനിക ആക്രമണം സംബന്ധിച്ച് മാത്രമാണ് ട്രംപിന്റെ പ്രഖ്യാപനം. ഖത്തറിന്റെ മധ്യസ്ഥ ചർച്ചക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നാവിക- ഉപരോധങ്ങൾ തുടരുമെന്ന സൂചനയും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ നൽകുന്നുണ്ട്.
അതേസമയം, ഉപരോധങ്ങൾ അവസാനിക്കാതെ സമാധാനമില്ലെന്ന് ഇറാൻ വ്യക്തമാക്കി. നാവിക ഉപരോധം അവസാനിപ്പിക്കുകയും പിടിച്ചുവെച്ച സ്വത്തുക്കൾ തിരികെ നൽകുകയും വേണമെന്ന് സുരക്ഷ കൗൺസിൽ സെക്രട്ടറി മൊഹസിൻ റസായി പറഞ്ഞു. ട്രംപുമായുള്ള ചർച്ചകൾ പോസിറ്റീവായിരുന്നുവെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി അറിയിച്ചു. ട്രംപിൻ്റെ പ്രഖ്യാപനത്തോടെ ആഗോള എണ്ണ വിലയിൽ ആറ് ശതമാനത്തിന്റെ കുറവുണ്ടായി.

