മസ്‌കത്ത്: എസിസി എമേർജിംഗ് ടീംസ് ഏഷ്യാകപ്പിൽ ശ്രീലങ്ക എ ഫൈനലിൽ. ആദ്യ സെമിയിൽ പാകിസ്താൻ എ ടീമിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ടീം ഫൈനലിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. എന്നാൽ ശ്രീലങ്ക 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടി.
അഹാൻ വിക്രമസിംഗെ (52) അർധസെഞ്ച്വറി നേടി. നാല് വിക്കറ്റ് നേടിയ ദുഷാൻ ഹേമന്തയാണ് പാക് പടയുടെ നടുവൊടിച്ചത്. നിപുൻ രൻസികയും ഇഷാൻ മലിംഗയും രണ്ട് വീതം വിക്കറ്റ് നേടി. പാകിസ്താനായി ഉമൈർ യൂസുഫ് (68) അർധസെഞ്ച്വറി നേടി. ഇന്ന് വൈകുന്നേരം നടക്കുന്ന ഇന്ത്യ എ- അഫ്ഗാൻ എ സെമിയിലെ വിജയികളെയാണ് ശ്രീലങ്ക നേരിടുക.