Monday, November 2, 2026
HomeNewsജി.എസ്.ടി വരുമാനം 2.31 ലക്ഷം കോടി: മുൻവർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർദ്ധനവ്

ജി.എസ്.ടി വരുമാനം 2.31 ലക്ഷം കോടി: മുൻവർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർദ്ധനവ്

ന്യൂഡൽഹി: ഉത്സവകാല വാങ്ങലുകൾ ആഭ്യന്തര ആവശ്യകത ഉയർത്തിയതോടെ ഒക്ടോബറിലെ മൊത്തം ചരക്കുസേവന നികുതി (ജി.എസ്.ടി) വരുമാനം 2.31 ലക്ഷം കോടി രൂപ കടന്നു. മുൻവർഷത്തെ ഇതേ മാസത്തേക്കാൾ 22.9 ശതമാനമാണ് വർധന. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ രണ്ടാമത്തെ ഉയർന്ന പ്രതിമാസ ജി.എസ്.ടി വരുമാനമാണിതെന്ന് ഞായറാഴ്ച പുറത്തുവിട്ട സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഏപ്രിലിൽ ലഭിച്ച 2.43 ലക്ഷം കോടി രൂപയാണ് ഇതുവരെയുള്ള റെക്കോഡ്. തുടർച്ചയായ രണ്ടാം മാസമാണ് മൊത്തം ജി.എസ്.ടി വരുമാനം രണ്ടു ലക്ഷം കോടി രൂപ കടക്കുന്നത്. നടപ്പുസാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചനിരക്കും ഒക്ടോബറിലേതാണ്. ആഭ്യന്തര വിൽപനയിൽനിന്നുള്ള മൊത്തം ജി.എസ്.ടി വരുമാനം 16 ശതമാനം ഉയർന്ന് 1.59 ലക്ഷം കോടി രൂപ കടന്നു.

ഇറക്കുമതിയിൽനിന്നുള്ള വരുമാനം 42 ശതമാനം വർധിച്ച് 72,246 കോടി രൂപയായി. മൊത്തം വരുമാനത്തിൽ കേന്ദ്ര ജി.എസ്.ടി 42,935 കോടി രൂപയും സംസ്ഥാന ജി.എസ്.ടി 51,340 കോടി രൂപയും സംയോജിത ജി.എസ്.ടി 1.37 ലക്ഷം കോടിയിലേറെ രൂപയുമാണ്.

ഒക്ടോബറിൽ നികുതി റീഫണ്ട് മുൻവർഷത്തേക്കാൾ 6.5 ശതമാനം വർധിച്ച് 27,934 കോടി രൂപയായി. റീഫണ്ട് തുക കുറച്ചശേഷമുള്ള അറ്റ ജി.എസ്.ടി വരുമാനം 26 ശതമാനം ഉയർന്ന് 2.03 ലക്ഷം കോടി രൂപ കടന്നു. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള മൊത്തം ജി.എസ്.ടി വരുമാനം 13.2 ശതമാനം വർധിച്ച് 14.77 ലക്ഷം കോടി രൂപയിലെത്തി. ഈ കാലയളവിലെ അറ്റ വരുമാനം 13 ശതമാനം ഉയർന്ന് 12.69 ലക്ഷം കോടി രൂപ കടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments